ഡല്‍ഹി കലാപം: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണം: ഹൈക്കോടതി

single-img
26 February 2020

ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തോടനുബന്ധിച്ചുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് പോലീസിനോട് ഡല്‍ഹി ഹൈക്കോടതി. കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കപില്‍ മിശ്രയടക്കം നാലുപേര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുത്ത ശേഷം കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

ഈ നേതാക്കള്‍ക്ക് പുറമേ കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങളുണ്ടെങ്കില്‍ അവയും പരിശോധിക്കണമെന്നും കോടതി പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസ് പരിഗണിക്കുന്ന സമയം വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടിരുന്നില്ലേ എന്ന് സോളിസിറ്റര്‍ ജനറലിനോടും ഡല്‍ഹി പോലീസിലെ ഉന്നത ഉദ്യോഗസ്ഥനോടും ജഡ്ജി ചോദിച്ചിരുന്നു.

എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് മറുപടി പറഞ്ഞ ഇരുവര്‍ക്കും ജഡ്ജി തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. അതിന് ശേഷം നിലപാട് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശം നല്‍കുകയായിരുന്നു.