ബിജെപിയോട് സഹായം ചോദിച്ച് അങ്ങോട്ടു പോയിട്ടില്ല; വി മുരളീധരന് മറുപടിയുമായി സെന്‍കുമാര്‍

single-img
25 February 2020

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന് മറുപടിയുമായി ടി പി സെന്‍കുമാര്‍. സെന്‍കുമാര്‍ എന്‍ഡിഎയുടെ ഭാഗമല്ലെന്ന പ്രസ്താവനയ്ക്കാണ് മറുപടി നല്‍കിയിരിക്കുന്നത്.ബിജെപിയുടെ പിന്തുണ തേടി പോയിട്ടില്ല എന്നും ആരെയും സമീപിച്ചിട്ടില്ലയെന്നും സെന്‍കുമാര്‍ പറഞ്ഞു.

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളപ്പള്ളിക്കെതിരെയും എസ്എന്‍ഡിപിക്കെതിരെയും സുഭാഷ് വാസു, സെന്‍കുമാര്‍ എന്നിവര്‍ നടത്തിയ നീക്കങ്ങള്‍ തള്ളിപ്പറഞ്ഞ് മുരളീധരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.സെന്‍കുമാറിന് എന്‍ഡിഎയുമായി ഒരു ബന്ധവുമില്ലെന്നും ഇവരുടെ നീക്കങ്ങളില്‍ ബിജെപിക്ക് പങ്കില്ലെന്നുമായിരുന്നു മുരളീധരന്റെ വിശദീകരണം. ഇതിനോടാണ് സെന്‍കുമാര്‍ പ്രതികരിച്ചത്.
കടുത്ത വർഗ്ഗീയ പരാമർശങ്ങളും മുസ്ലീം വിരുദ്ധതയും പുറത്തുവിട്ട് ബിജെപിയിൽ നിറഞ്ഞു നിൽക്കുന്ന ടിപി സെൻകുമാറിൻ്റെ പ്രസ്താവനകൾ ബിജെപിക്കുതന്നെ തലവേദനയായി തുടരുകയായിരുന്നു. എന്നാൽ ടിപി സെൻകുമാറിൻ്റെ പ്രസ്താവനകളെ ഏറ്റുപിടിക്കാനോ തള്ളിക്കളയാനോ ഇതുവരെ ആരും തയ്യാറായിരുന്നില്ല. ഈ അവസരത്തിലാണ് വി മുരളീധരൻ്റെ കടന്നുവരവ്. മുരളീധരൻ വെള്ളാപ്പള്ളിയേയും തുഷാർ വെള്ളാപ്പള്ളിയേയും പിൻതുണച്ച് രംഗത്തെത്തിയതോടെ സ്വാഭാവികമായും സെൻകുമാർ രാഷ്ട്രീയ അനാഥത്വത്തിലേക്ക് വീഴുകയായിരുന്നു. 

ജാതി സമവാക്യങ്ങളെ മുൻനിർത്തി ഈഴവ സമുദായത്തെ ഒപ്പംകൂട്ടുക എന്ന നിർണ്ണായക ദൗത്യവുമായിട്ടായിരുന്നു വി മുരളീധരൻ എത്തിയത്. പിഎസ് ശ്രീധരൻപിള്ളയും കുമ്മനവും സംസ്ഥാന പ്രസിഡൻ്റ് പദവി അലങ്കരിച്ചിരുന്നപ്പോൾ ഇക്കാര്യങ്ങളിൽ ഇടപെടാത്തയാളാണ് വി മുരളീധരനെന്നുള്ളതും കൂട്ടിവായിക്കണം. തൻ്റെ നോമിനിയായ കെ സുരേന്ദ്രൻ്റെ സംഘാടകത്വം എളുപ്പമാക്കുന്നതായാണ് ഇപ്പോൾ വി മുരളീധരൻ രംഗത്തിറങ്ങിയതെന്നു വ്യക്തം. വെള്ളാപ്പള്ളിയെ കൂട്ടുപിടിക്കുമ്പോൾ പകരം  വെള്ളാപ്പള്ളിയുടെ ശത്രുക്കളെ വിമർശിക്കുക എന്ന നടപടിയുടെ ഭാഗമായാണ് ടിപി സെൻകുമാറും സുഭാഷ് വാസുവും കഴിഞ്ഞ ദിവസം വിമർശനങ്ങൾക്കിരയായതെന്നു സാരം. 

രാജാവിനേക്കാർ വലിയ രാജഭക്തി കാണിക്കുന്ന ടിപി സെൻകുമാർ പാർട്ടിയിലേക്കു കടന്നുവന്നപ്പോൾത്തന്നെ ബിജെപിയിൽ പലരുടേയും കണ്ണിലെ കരടായിരുന്നു. പാർട്ടിയിൽ വർഷങ്ങളായി നിലനിൽക്കുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകാതെ ഇന്നലെ കയറിവന്നവർ അത് സ്വന്തമാക്കുന്ന കാഴ്ച സാധാരണമായിരുന്നു. ഒന്നുരണ്ടു വർഗ്ഗീയ പ്രസ്താവനകളിലൂടെ ആർഎസ്എസ് അനുകൂലരുടെ കണ്ണിലുണ്ണിയായ ടിപി സെൻകുമാർ ബിജെപിയിലേക്ക് വന്നപ്പോൾത്തന്നെ ആറ്റിങ്ങൽ പാർലമെൻ്റ് സീറ്റ് അദ്ദേഹത്തിന് നൽകുന്ന കാര്യം പരിഗണിച്ചതും അതുകൊണ്ടാണ്. ഇതിനെതിരെ ബിജെപിയിൽ ഒരു വിഭാഗം എതിർപ്പുന്നയിച്ചിരുന്നു. എന്നാൽ നമ്പീനാരയണെനതിരെയുള്ള പരാമർശങ്ങളുടെ പേരിൽ അതൊഴിവാകുകയായിരുന്നു. 

തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസാണ് എന്‍ഡിഎ ഘടകകക്ഷിയെന്നു  മുരളീധരന്‍ പറയുമ്പോൾ അത് കൃഷ്ണദാസ് പക്ഷത്തിനുള്ള മറുപടികൂടിയാണ്. വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ സുഭാഷ് വാസുവിനൊപ്പം രംഗത്തുവന്ന ടിപി സെന്‍കുമാറിന് എന്‍ഡിഎയുമായി ബന്ധമൊന്നുമില്ലെന്നുള്ള കാര്യം കൂടി മുരളീധരൻ പരസ്യമായി വ്യക്തമാക്കുമ്പോൾ അത് സംസ്ഥാനത്തെ മറ്റേത് പക്ഷത്തേക്കാളും തൻ്റെ പക്ഷം മുന്നിലാണെന്ന സൂചനയാണ് അദ്ദേഹം തരുന്നതും. 


വി മുരളീധരന്റെ പ്രസ്താവന യോട് ബിജെപി പ്രവര്‍ത്തകര്‍ തന്നെ പ്രതികരിച്ചിരുന്നു. സെന്‍ കുമാറിനെ അനുകൂലിച്ചും മുരളീധരനെ വിമര്‍ശിച്ചു മായിരുന്നു പ്രതികരണങ്ങള്‍ ഭൂരിഭാഗവും. സോഷ്യൽ മീഡിയയിൽ വി മുരളീധരനെതിരെ പ്രവർത്തകർ രംഗത്തു വന്നുകഴിഞ്ഞു. കേരളത്തിലെ ബിജെപിയെ തകർക്കുന്ന നിലപാടാണ് മുരളീധരൻ സ്വീകരിച്ചിരിക്കുന്നതെന്ന് ചിലർ ആരോപിക്കുമ്പോൾ സെൻകുമാറിനെ പറയാൻ താങ്കളാരാണെന്ന ചോദ്യവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇതിൽ നിന്നൊക്കെ വ്യക്തമാകുന്ന യഥാർത്ഥ വസ്തുത ഒന്നേയുള്ളു- പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനം കെ സുരേന്ദ്രനെ സംബന്ധിച്ച് മുൾക്കീരീടം തന്നെയാകും.