ഇത് അല്‍ഫാസ് ബാവു: കനാലിൽ മുങ്ങിത്താഴുന്ന കുട്ടിയെക്കണ്ട് മുതിർന്നവർ നിലവിളിച്ചപ്പോൾ സ്വജീവൻ പണയം വച്ച് രക്ഷിച്ച 10 വയസ്സുകാരൻ

single-img
24 February 2020

കനാലില്‍ മുങ്ങിത്താഴുകയായിരുന്ന വിദ്യാര്‍ഥിയെ സ്വജീവൻ പണയം വച്ച് രക്ഷിച്ച പത്തുവയസ്സുകാരനെക്കുറിച്ചാണ് സംസ്ഥാനം ഇന്ന് സംസാരിക്കുന്നത്. കുട്ടി മുങ്ങിത്താഴുന്നത് കണ്ട് മുതിർന്നവർ നിലവിളച്ചുകൊണ്ടു നിന്നപ്പോഴാണ് ഈ ബാലൻ ്രക്ഷകനായി അവതരിച്ചത്.  മേതല ഹൈലെവല്‍ കനാലിൻ്റെ ഭാഗമായ കുറ്റിലഞ്ഞി പാലത്തിനു സമീപം കനാലില്‍ വീണ ഓലിപ്പാറ പുതുക്കപ്പറമ്പില്‍ ഹസൈനാരിന്റെ മകന്‍ ബാദുഷ(9)യ്ക്കാണ് ഓലിപ്പാറ ബാവു ഹസ്സന്റെ മകന്‍ അല്‍ഫാസ് ബാവു(10) രക്ഷകനായത്. 

കഴിഞ്ഞ ദിവസം കനാലിന് അരികില്‍ നില്‍ക്കുകയായിരുന്ന ബാദുഷ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു. പ്രധാന കനാലായതിനാല്‍ ഈ സമയം ശക്തമായ ഒഴുക്കുണ്ടായിരുന്നു. കനാലില്‍ മുങ്ങിത്താഴുന്ന ബാദുഷയെ സമീപവാസിയായ മുസ്തഫ ആദ്യം കണ്ടെങ്കിലും എന്തുചെയ്യണമെന്നറിയാതെ പകച്ചു പോയി. അയാൾ ബഹളം വച്ചതോടെ മദ്രസയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന അല്‍ഫാസിൻ്റെ ശ്രദ്ധ അവിടേക്ക് എത്തിയത്. മറ്റൊന്നും നോക്കാതെ ബാദുഷയെ രക്ഷിക്കാന്‍ അല്‍ഫാസ് കനാലിലേക്കു എടുത്തുചാടുകയായിരുന്നു. 

കാനാലിലേക്ക് പതിച്ച അല്‍ഫാസ് നീന്തി ബാദുഷയുടെ അടുത്തെത്തി. ഒരു വിധത്തില്‍ ബാദുഷയെയും കൊണ്ട് കരയിലേക്കെത്തി. നെല്ലിക്കുഴി അല്‍ അമല്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ഫാസ് ബാവു. കുറ്റിലഞ്ഞി സര്‍ക്കാര്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ബാദുഷ. തൻ്റെ  സമപ്രായക്കാരനെ രക്ഷപ്പെടുത്താന്‍ മറ്റൊന്നും നോക്കതെ കനാലിലേക്കെടുത്തു ചാടിയ അല്‍ഫാസിന് നാടിൻ്റെ അഭിനന്ദനങ്ങൾ എത്തുകയാണ്.