രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ഉടൻ ഇന്ത്യക്കാരല്ലാതെയാകും; ഫയൽ അമിത് ഷായുടെ ടേബിളിൽ: സുബ്രഹ്മണ്യം സ്വാമി

single-img
22 February 2020

പൗരത്വ നിയമ ഭേദഗതി രാജ്യത്ത് വിവാദങ്ങൾ സൃഷ്ടിക്കുമ്പോൾ വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്.  കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പൗരത്വം വൈകാതെ നഷ്ടമാകുമെന്നുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഇതു സംബന്ധിച്ച ഫയൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ടേബിളിലുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

ഇന്ത്യന്‍ പൗരനായിരിക്കെ മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യയിലെ പൗരത്വം നഷ്ടമാകും. ഇംഗ്ലണ്ടില്‍ ബിസിനസ് തുടങ്ങുന്നതിനായി രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കിയിരുന്നുവെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എബിവിപി സംഘടിപ്പിച്ച പരിപാടിയിലാണ് സ്വാമിയുടെ പ്രസ്താവന. 

പൗരത്വം നഷ്ടപ്പെട്ടാലും, അച്ഛന്‍ രാജീവ് ഗാന്ധി ഇന്ത്യക്കാരനായതു കൊണ്ട് രാഹുല്‍ ഗാന്ധിക്ക് വീണ്ടും പൗരത്വത്തിന് അപേക്ഷിക്കാമെന്നും സ്വാമി പരിപാടിയില്‍ പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട സംവാദത്തിന് കോണ്‍ഗ്രസ് നേതാക്കളെ സ്വാമി വെല്ലുവിളിക്കുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ശരിയായി മനസിലാക്കാത്തവരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നതെന്നാണ്സ്വാമിയുടെ വാദം.