ജാതീയമായ വേർതിരിവ് സഹിക്കാനാകുന്നില്ല; കാർപ്പൻ്റർ ജോലി ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന് സന്തോഷ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു

single-img
21 February 2020

ബിജെപി കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് പി എ സന്തോഷ് കുമാർ രാജിവെച്ചു. ബിജെപിയില്‍ ജാതി വിവേചനം നേരിടുന്നെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകനായ സന്തോഷ് കുമാർ രാജിവെച്ചത്.ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്‍പ്പെടെ  സന്തോഷ്‌കുമാര്‍ രാജി വെച്ചതായി ദേശാഭിമാനിയാണ് റിപ്പോർട്ട് ചെയ്യുന്നത്. 

2017 മുതല്‍ ബിജെപി കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റാണ് എസ്.എന്‍ഡിപി സമുദായംഗമായ സന്തോഷ്. ചേക്കുളം ബൂത്ത് പ്രസിഡന്റ്, കോഴഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളില്‍ സന്തോഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ഥാനമേറ്റതുമുതല്‍ സവര്‍ണവിഭാഗം തന്നോട് ജാതീയമായ വേര്‍തിരിവ് കാണിച്ചിരുന്നുവെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.

കാര്‍പെന്ററായ സന്തോഷ് ജോലി ഉപേക്ഷിച്ചാണ് സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്.എക്‌സിക്യൂട്ടീവ് കമ്മിറ്റികളില്‍ പോലും വിവിധ വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്ക് ഒറ്റുകൊടുക്കുന്നവര്‍ ഉണ്ടെന്നും രാജിക്കത്തില്‍ സന്തോഷ് കുമാര്‍ ആരോപിക്കുന്നു.

സംഘടനയുടെ മറവില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും സന്തോഷ് പറയുന്നു. ഇത്തരം കള്ളത്തരങ്ങളെ അംഗീകരിക്കാത്തതും സവര്‍ണമേലാളന്‍മാരുടെ എതിര്‍പ്പിന് കാരണമായെന്നും സന്തോഷ് വെളിപ്പെടുത്തി.