വിഘ്നേശ്വരൻ്റെ തലയും കെെകളും കാലുകളും വെട്ടിമാറ്റി കൊല നടത്തിയത് അമ്മയും സഹോദരനും ചേർന്ന്: അറസ്റ്റിനു പിന്നാലെ കൊലപാതക കാരണം വെളിപ്പെടുത്തി അമ്മ

single-img
18 February 2020

തമിഴ്‌നാട്ടിലെ കമ്പത്തിനു സമീപം കൈയും കാലുകളും തലയും അറ്റ നിലയില്‍ യുവാവിൻ്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കമ്പം സ്വദേശി വിഘ്‌നേശ്വരനാണ് കൊല്ലപ്പെട്ടതെന്നു പശാലീസ് പറഞ്ഞു. കൊല നടത്തിയ വിഘ്‌നേശ്വരന്റെ അമ്മ സെല്‍വിയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിനു പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ വിഘ്നേശ്വരൻ്റെ അമ്മ സെൽവി കൊലപാതകത്തിനുള്ള കാരണങ്ങൾ പശാലീസിനോടു പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. വിഘ്‌നേശ്വരന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സെല്‍വി പൊലീസിനോട് സൂചിപ്പിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്നു വിഘ്‌നേശ്വരനെന്നും, ഇതും കുടുംബപ്രശ്‌നങ്ങളുമാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്.  

വെട്ടി  മാറ്റിയ വിഘ്‌നേശ്വരന്റെ തല ഒരു കിണറ്റില്‍ നിന്നും കണ്ടെത്തി. കൈയും കാലും മറ്റൊരിടത്ത് കുളത്തില്‍ ഉപേക്ഷിച്ചുവെന്നും സെല്‍വി പറഞ്ഞു. ഇതു കണ്ടെത്താന്‍ ഇന്നു തിരച്ചില്‍ നടത്തും.

കഴിഞ്ഞ ദിവസമാണ് മൃതദേഹം കണ്ടത്തിയത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെ കമ്പം ചുരുളി റോഡരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്ത് . . മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടത്. രാത്രി ഒന്‍പത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി ചാക്കുകെട്ട് വലിച്ചെറിഞ്ഞതായി ചൂണ്ടയിട്ടിരുന്നവര്‍ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന്  ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങള്‍ കളയാനെത്തിയതാണ് എന്നു മറുപടി നല്‍കിയ ശേഷം മടങ്ങിയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. 

സ്ത്രീയും പുരുഷനും മടങ്ങിയതിനു പിന്നാലെ സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോളാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഇരുവരേയും അവിടെ മുന്‍പ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവര്‍ പറഞ്ഞിരുന്നു. 

തുടർന്ന് പൊലീസ് അന്വേഷണവുമായി രംഗത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുചക്ര വാഹനവും, പ്രതികളെയും പിടികൂടുന്നത്.