ഗുജറാത്തിൽ ആർത്തവ പരിശോധന നടത്തിയ പ്രിൻസിപ്പളും മൂന്നു ജീവനക്കാരും അറസ്റ്റിലായി

single-img
18 February 2020

ഗുജറാത്തിലെ സഹജാനന്ദ വനിതാ കോളേജില്‍ വിദ്യാര്‍ഥിനികളുടെ ആര്‍ത്തവ പരിശോധന നടത്തിയ കേസില്‍ പ്രിന്‍സിപ്പള്‍ ഉള്‍പ്പടെ നാലുപേർ അറസ്‌റ്റിൽ. കോളേജ് പ്രിൻസിപ്പൽ റീത്താറാണിങ്ക, ഹോസ്‌റ്റർ സൂപ്പർവൈസർ റമീല ബെൻ, കോർഡിനേറ്റർ, പ്യൂൺ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ രണ്ടു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. കോളേജിലെ ആർത്തവ പരിശോധന വിവാദമായതോടെ നാല് പേരെയും കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു.

കോളേജിൽ നടന്ന സംഭവത്തിൽ അനിത എന്ന യുവതിക്കെതിരെയും എഫ്ഐആറിൽ പരാമർശമുണ്ട്. വിശദമായ അന്വേഷണമാണ് നടക്കുന്നതെന്ന് ഗുജറാത്ത് പോലീസിലെ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിക്കഴിഞ്ഞു. സംഭവത്തെ ശക്തമായി അപലപിച്ച് ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. 

ആർത്തവകാലത്ത് പാലിക്കേണ്ട നിർദേശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് 60 വിദ്യാർഥിനികളെ കോളേജ് ഹോസ്‌റ്റലിൽ ആർത്തവ പരിശോധന നടത്തിയത്. ഹോസ്‌റ്റൽ ശുചിമുറിയിലേക്ക് വിളിച്ചു വരുത്തിയാണ് പ്രിൻസിപ്പലിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 

പ്രിൻസിപ്പലിൻ്റെ നേതൃത്വത്തിലാണ് ആർത്തവ പരിശോധന നടന്നതെന്ന് വിദ്യാർഥിനികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തെ ന്യായീകരിക്കുന്ന നിലപാടാണ് കോളേജ് അധികൃതർ നൽകുന്നത്. 

ആർത്തവ വിലക്കിനുള്ള സമ്മതം വിദ്യാർഥികളിൽ നിന്നും എഴുതി വാങ്ങിയിരുന്നു. ഈ സമയത്ത് ഭക്ഷണശാലയിലും കിടക്കയിൽ കിടന്നുറങ്ങുന്നതിനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.