ദുബായില്‍ ഹിന്ദു ക്ഷേത്രത്തിന് സമീപം തീപിടുത്തം

single-img
18 February 2020

ബര്‍ദുബായിൽ ഹിന്ദു ക്ഷേത്രത്തിന് സമീപം തീപിടുത്തം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലേക്കുള്ള വഴിയിൽ പ്രവർത്തിച്ചിരുന്ന രണ്ട് കടകളിലാണ് തീപിടിച്ചത്. വിവരം അറിഞ്ഞതിനെ തുടർന്ന് ദുബായ് സിവില്‍ ഡിഫന്‍സ് അധികൃതരെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. തീപിടുത്തത്തിൽ ക്ഷേത്രത്തിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് ക്ഷേത്രത്തിന് സമീപത്തുള്ള രണ്ട് ചെറിയ കടകളില്‍ തീപിടിച്ചത്. ക്ഷേത്രത്തിന്റെ സമീപമുള്ള അല്‍ ദഫ നോവല്‍റ്റി ഷോപ്പിലാണ് ആദ്യം തീപിടിച്ചത്. ക്ഷേത്രത്തിലേക്ക് ആവശ്യമായ പുഷ്പങ്ങളും മറ്റും വില്‍ക്കുന്ന സ്ഥാപനമാണിത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം . പൂട്ടിയിരുന്നു കടയുടെ ഷട്ടറുകള്‍ക്കുള്ളില്‍ നിന്ന് പുക ഉയരുന്നതുകണ്ട സുരക്ഷാ ജീവനക്കാര്‍ സിവില്‍ ഡിഫന്‍സിനെ വിവരമറിയിക്കുകയായിരുന്നു. ഈ സമയം തീ മറ്റൊരു കടയിലേക്ക് കൂടി പടര്‍ന്നു. ഇതിന്റെ സമീപത്തുള്ള കെട്ടിടങ്ങളില്‍ ക്ഷേത്ര ജീവനക്കാര്‍ താമസിച്ചിരുന്നു. ഇവരെ എല്ലാവരെയും അധികൃതര്‍ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.

നിലവിൽ സുരക്ഷാ നടപടികളുടെ ഭാഗമായി പ്രദേശത്തേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകള്‍ വിച്ഛേദിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം ഇവ പുനഃസ്ഥാപിച്ച ശേഷം ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കുമെന്നുമാണ് ഭാരവാഹികള്‍ അറിയിച്ചത്.