തീവ്രവാദി നേതാവ് മസൂദ് അസറിനെയും കുടുംബത്തെയും കാണാനില്ലെന്ന് പാകിസ്താന്‍

single-img
16 February 2020

കറാച്ചി: മുംബൈ ഭീകരാക്രമണത്തി​ന്റെ ബുദ്ധികേന്ദ്രമായ ജയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനേയും കുടുംബത്തേയും കാണാനില്ലെന്ന് പാകിസ്താന്‍. കള്ളപ്പണവും ഭീകരവാദത്തിന് ഫണ്ട് ലഭിക്കുന്നതും ഉള്‍പ്പെടെ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് (FATF) ഇതേക്കുറിച്ച് നല്‍കിയ മറുപടിയിലാണ് പാകിസ്താന്‍ ഇക്കാര്യം അറിയിച്ചത്.

യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്ന മസൂദ് അസ്‌ഹറിനെതിരെ പാക് സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്നാരാഞ്ഞപ്പോള്‍ മസൂദ് അസ്ഹറിനെയും കുടുംബത്തേയും കുറിച്ച് ഒരു വിവരമില്ലെന്ന് മറുപടി നല്‍കിയത്. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കി-ഉർ-റഹ്മാൻ ലഖ്‌വിക്കെതിരെയോ ഹഖാനി നേതൃത്വത്തിനെതിരെയോ തീവ്രവാദ ധനസഹായ അന്വേഷണം ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനും പാകിസ്താന് കഴിഞ്ഞില്ല.

നിലവില്‍ തീവ്രവാദ ധനസഹായത്തെ ചെറുക്കുന്നതിനുള്ള ആഗോള മാനദണ്ഡങ്ങൾ പാകിസ്താന്‍ പാലിക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് എഫ്‌എടി‌എഫ് കാര്യങ്ങള്‍ അവലോകനം ചെയ്യുകയാണ്. ചൈനയാണ് നിലവിൽ എഫ്‌എടി‌എഫ് ന്റെ അദ്ധ്യക്ഷന്‍.

മസൂദ് ഉള്‍പ്പെടെ 16 പേരെയാണ് യുന്‍ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് പാകിസ്താന്‍ എഫ്‌എടി‌എഫിന് നല്‍കിയ മറുപടിയില്‍ പറയുന്നത്.