യഥാർത്ഥത്തിൽ കെ സുരേന്ദ്രൻ ആരാണ്?: ശബരിമല സമര പോരാളിയോ മുൻനിലപാടിൽ നിന്നും നാണമില്ലാതെ ഒളിച്ചോടിയ ഭീരുവോ?

single-img
16 February 2020

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായതിനു പിന്നാലെ കേരളത്തിലെ സംഘപരിവാർ പ്രചരണ സംവിധാനങ്ങൾ പുറത്തു വിടുന്ന ഒരു കഥയുണ്ട്. കേന്ദ്രത്തിൽ രണ്ടാമതും അധികാരത്തിൽ വന്ന ഉടനെ ഗുരുവായൂരപ്പനെ ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കെ.സുരേന്ദ്രനെ ആശ്ളേഷിച്ചു. ഒപ്പം ഒരു കമൻ്റും പറഞ്ഞു- `ഇതാണ് കേരളത്തിലെ നമ്മുടെ യഥാർത്ഥ ഫൈറ്റർ´. ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പോരാട്ടവും 22 ദിവസത്തെ ജയിൽ വാസവുമാണ് നരേന്ദ്രമോദിയെക്കൊണ്ട്  കെ.സുരേന്ദ്രനെ ഇങ്ങനെ അഭിനന്ദിപ്പിക്കാൻ ഇടയാക്കിയതെന്നാണ് ഈ പ്രചരണങ്ങളുടെ അവസാനം സംഘപരിവാർ പറയുന്നത്. 

നരേന്ദ്രമോദി കെസുരേന്ദ്രനെ കെട്ടിപ്പിച്ചോ, അഭിനന്ദിച്ചോ എന്നുള്ള കാര്യമൊക്കെ അവിടെ നിൽക്കട്ടെ. ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പോരാട്ടം എന്നു പറയുമ്പോൾ അതിൽ കെ സുരേന്ദ്രൻ്റെ വേഷമെന്താണെന്നു മാത്രം മനസ്സിലാകുന്നില്ല. യുവതിപ്രവേശനത്തെ ആദ്യം മനസ്സുതുറന്ന് അനുകൂലിച്ച് രംഗത്തെത്തി, അതെന്തിനാണെന്ന് സൂക്ഷ്മമായി വിലയിരുത്തി മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ ഏറ്റവും വലിയ സമുഹമാധ്യമമായ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്ത ആ പഴയ കെ സുരേന്ദ്രൻ തന്നെയല്ലേ ഇത്. അത്തരത്തിൽ യുവതികൾക്കുവേണ്ടി രംഗത്തുവന്ന കെ സുരേന്ദ്രൻ നേരം ഇരുട്ടിവെളുത്തപ്പോൾ നിലപാട് മാറ്റിപ്പറയുന്നത് എന്തർത്ഥത്തിലാണ് പോരാട്ടമാകുന്നത്? `ഒഴുക്കിൻ്റെ ഗതിക്കനുസരിച്ച് നീന്തുന്ന´ ഒരു വ്യക്തി എങ്ങനെയാണ് പോരാളിയായി മാറുന്നത്? 

2018ൽ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ വിശ്വാസികളേയും അനുഭാവികളേയും രംഗത്തിറക്കുക എന്ന ലക്ഷ്യം വച്ച് ബിജെപി പ്രത്യക്ഷ സമരം പ്രഖ്യാപിച്ചതോടെയാണ് തൻ്റെ മുന്‍ നിലപാട് തിരുത്തി കെ സുരേന്ദ്രനും അവർക്കൊപ്പം കൂടിയത്. ആദ്യ നിലപാട് വ്യക്തമാക്കുന്ന എഫ്ബി പോസ്റ്റ് സുരേന്ദ്രന്‍ മുക്കുകയും ചെയ്തു. എന്നാൽ ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നുള്ളത് മറ്റൊരു വസ്തുത. നിലപാട് മാറ്റിയതിനെക്കുറിച്ചോ പോസ്റ്റ് പിൻവലിച്ചത് സംബന്ധിച്ചോ യാതൊരു വിശദീകരണവും സുരേന്ദ്രൻ നൽകിയില്ല എന്നുള്ളതും ശ്രദ്ധിക്കണം. അയ്യപ്പന്‍ നെെഷ്ഠിക ബ്രഹ്മചാരിയായത് കൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ഥമില്ലെന്നു പറഞ്ഞിരുന്ന സുരേന്ദ്രൻ മറ്റൊരു കാര്യം കൂടി അന്ന് വ്യക്തമാക്കിയിരുന്നു. ആര്‍ത്തവം പ്രകൃതി നിയമമാണെന്നും അതിനാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്നും.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ദേവസ്വം ബോര്‍ഡിനെയാണ് അന്ന് സുരേന്ദ്രൻ വിമർശിച്ചത്. എന്നാൽ സുപ്രീംകോടതി വിധി ഒരു `സുവർണ്ണാവസര´മായിക്കണ്ട് സംസ്ഥാനത്ത് ബിജെപിയെ വളർത്തിയെടുക്കാമെന്നുള്ള നേതാക്കളുടെ മോഹങ്ങളിൽ സുരേന്ദ്രനും കണ്ണുമടച്ച് പങ്കുചേർന്നു.  പഴയ നിലപാടെല്ലാം തിരുത്തി ഫേസ്ബുക്കിൽ അദ്ദേഹം പുതിയ പോസ്റ്റും അന്നിട്ടിരുന്നു. ശബരിമല വിധി നടപ്പാക്കൽ പിണറായി സർക്കാരിന് എളുപ്പമാവില്ലെന്നും അതില്‍ നിന്ന് പിൻമാറുന്നതായിരിക്കും സർക്കാരിനു നല്ലതെന്നുമായിരുന്നു പുതിയ നിലപാട്. എത്രപെട്ടെന്നാണ് ഒരാൾ നിലപാട് മാറ്റി മറുകണ്ടം ചാടുന്നതെന്നുള്ളതിൻ്റെ  നേർചിത്രമായിരുന്നു് ആ പോസ്റ്റിലൂടെ കെ സുരേന്ദ്രൻ കാട്ടിത്തന്നത്. 

അല്ലെങ്കിൽത്തന്നെ കെ സുരേന്ദ്രനെ ഇക്കാര്യത്തിൽ കുറ്റം പറയേണ്ട ആവശ്യമുണ്ടോ? നേരത്തെ, ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള മുൻനിലപാട് ആർഎസ്എസ് തന്നെ മയപ്പെടുത്തിയപ്പോൾ സുരേന്ദ്രൻ മാത്രം മാറാതെ നിൽക്കേണ്ടതുണ്ടോ? സുപ്രീംകോടതി വിധി നടപ്പാക്കാൻ സംസ്ഥാനസർക്കാർ തിരക്കു കൂട്ടുകയാണെന്നും സർക്കാർ അയ്യപ്പഭക്തരുടെ നിലപാട് കണക്കിലെടുക്കണമെന്നും ആര്‍എസ്എസ് പറയുമ്പോൾ സുരേന്ദ്രൻ മാത്രം എന്തിന് പഴയ നിലപാടിൽ ഉറച്ചു നിൽക്കണം? 

സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിനു പിന്നാലെ, അദ്ദേഹത്തിൻ്റെ മുഖ്യ സമരപോരാട്ടമായി സംഘപരിവാർ ഉയർത്തിക്കാട്ടിയത് ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരമാണ്. സമരത്തിൻ്റെ ഭാഗമായി ഒരു പോരാളിയായി ദിവസങ്ങളോളം ജയിലിൽ കിടന്ന യഥാർത്ഥ ആചാര സംരക്ഷകൻ ഇതാ സംസ്ഥാനത്ത് പാർട്ടിയുടെ അധ്യക്ഷനായി മാറിയിരിക്കുന്നുവെന്ന പ്രചരണവും മുറയ്ക്ക് നടന്നു, നടക്കുന്നു. പക്ഷേ ഇതിലെവിടെയാണ് പോരാട്ടം? ആരാണ് പോരാളി? ഇത് വെറും നിലപാട് മാറ്റം മാത്രമാണ്. മുൻ നിലപാടിനെ യാതൊരു ഉളുപ്പുമില്ലാതെ കുഴിച്ചു മൂടി പുതിയ പുതിയ നിലപാടുകളെ തേടിപ്പോകുന്നവർക്ക് എന്തായാലും പോരാളിയെന്ന വിശേഷണം ചേരില്ലതന്നെ.