കടല്‍ക്കൊല കേസ് എട്ട് വര്‍ഷം പിന്നിടുമ്പോള്‍

single-img
16 February 2020

2012 ഫെബ്രുവരി 15 ന് കൊല്ലം നീണ്ടകര തുറമുഖത്തുനിന്ന് ‘സെന്റ് ആന്റണി’ മത്സ്യബന്ധന ബോട്ട് യാത്രപുറപ്പെടുമ്പോള്‍ ഉപജീവനത്തിനായി കടലിനോട് മല്ലിടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അത് ഒരു പതിവുദിനം മാത്രമായിരുന്നു. കിട്ടാവുന്നത്ര മീന്‍പിടിച്ച് പെട്ടെന്ന് തിരിച്ചെത്തണം എന്നതിന് അപ്പുറം കടലിൽ തങ്ങളെ കാത്തിരിക്കുന്ന അപകടത്തെക്കുറിച്ച് അവര്‍ തീരെ പ്രതീക്ഷിച്ചുകാണില്ല.

വൈകുന്നേരം 4.30 ഓടെ, തീരപ്രദേശത്ത് നിന്ന് 20.5 നോട്ടിക്കൽ മൈൽ അകലെ, അവരുടെ മത്സ്യബന്ധന ബോട്ട് ഇറ്റാലിയൻ കപ്പലായ ‘എന്ററിക്ക ലെക്സി’യെ കടന്നുപോകുന്നു. കപ്പലിലെ രണ്ട് നാവികർ ‘സെന്റ് ആന്റണി’യെ കടല്‍കൊള്ളക്കാരായി തെറ്റിദ്ധരിച്ച് ബോട്ടിന് നേരെ വെടിയുതിർക്കുന്നു. മാസിമിലാനോ ലാത്തോറെ, സാൽവത്തോറെ ഗിറോൺ എന്നീ നാവികരുടെ തോക്കിനിരയായത് വാലന്റൈൻ ജലസ്റ്റൈൻ, അജേഷ് ബിങ്കി എന്നീ രണ്ട് മത്സ്യത്തൊഴിലാളികൾ. നെറ്റിയിലും നെഞ്ചിലും വെടിയേറ്റ ഇരുവരും തല്‍ക്ഷണം മരണപ്പെട്ടു.

പക്ഷെ ഒന്നും സംഭവിക്കാത്തതുപോലെ ‘എന്ററിക്ക ലെക്സി’ യാത്ര തുടർന്നു. കപ്പൽ 38 നോട്ടിക്കൽ മൈൽ അകലെയുള്ള ജിബൂട്ടിയിലേക്ക് കടന്നപ്പോൾ, സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തെ സഹായിക്കാൻ കൊച്ചി തുറമുഖത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു മുംബൈയിലെ മാരിടൈം റെസ്ക്യൂ കോ-ഓർഡിനേഷൻ സെന്ററിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. ഇതേ തുടര്‍ന്ന് കപ്പൽ ഗതി മാറ്റി 2012 ഫെബ്രുവരി 16ന് കൊച്ചി തുറമുഖത്ത് എത്തി.

എന്ററിക്ക ലെക്സി

കൊച്ചിയിൽ നകൂരമിട്ട കപ്പലിന്റെ ക്യാപ്റ്റനെ ഒരു സർക്കിൾ ഇൻസ്പെക്ടർ നീണ്ടകരയിൽ ഒരു പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) സമർപ്പിച്ചതായി അറിയിച്ചു. രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ മരണത്തിലേക്ക് നയിച്ച വെടിവയ്പിൽ ഐപിസി എസ് 302, എസ് 34 വകുപ്പുകള്‍ പ്രകാരം രണ്ട് നാവികരെയും തൊട്ടടുത്ത ദിവസംതന്നെ കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്ക് കാരണമായ എൻറിക്ക ലെക്സി – ഇറ്റാലിയൻ മറൈൻ കേസിന്റെ തുടക്കമായിരുന്നു ഇത്.

‘അധികാരപരിധി’ സംബന്ധിച്ച തര്‍ക്കം

വെടിവയ്പ്പുണ്ടായ സംഭവത്തില്‍ നാവികരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇന്ത്യയ്ക്ക് അധികാരമില്ലെന്നായിരുന്നു ഇറ്റലിയുടെ വാദം. 2012 ൽ നാവികർക്കെതിരായ ക്രിമിനൽ നടപടികളെ ചോദ്യം ചെയ്ത് റിപ്പബ്ലിക് ഓഫ് ഇറ്റലി, ഇന്ത്യന്‍ ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയിൽ റിട്ട് ഹരജി നൽകി.

നാവികര്‍ക്കുമേല്‍ തങ്ങള്‍ക്ക് മാത്രമാണ് അധികാരമെന്നാണ് ഇറ്റലി വാദിച്ചത്. അവരുടെ പ്രധാന വാദങ്ങള്‍ ഇവയായിരുന്നു:

  1. ഇറ്റാലിയൻ നാവികസേനയിൽ നിന്നുള്ള നാവികരെ ഇറ്റാലിയൻ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കപ്പലില്‍ സുരക്ഷാ ദൗത്യത്തിന് നിയോഗിച്ചത്. അത്കൊണ്ടുതന്നെ നാവികരുടേത് ഒരി പരമാധികാര നടപടിയും ഇന്ത്യന്‍ നടപടിക്രമങ്ങളില്‍നിന്ന് അവര്‍ മുക്തരുമാണ്.
  2. തീരത്തുനിന്ന് 20.5 നോട്ടിക്കൽ മൈൽ അകലെയുള്ള സംഭവത്തില്‍ ഇന്ത്യയുടെ അധികാരപരിധി നടപ്പാക്കാൻ കഴിയില്ല.
  3. സമുദ്രനിയമം അനുസരിച്ച് ‘കോണ്ടിഗസ് സോണി’ല്‍ ഇന്ത്യക്ക് പരിമിതമായ അധികാരം മാത്രമേയുള്ളൂ. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെ മാത്രമാണ് രാജ്യത്തിന് സമ്പൂർണ്ണാധികാരം.
  4. യുണൈറ്റഡ് നേഷൻ കൺവെൻഷൻ ഓൺ ലോ ഓഫ് സീസ് (യു‌എൻ‌സി‌എല്‍ ഓഎസ്) ന്റെ ആർട്ടിക്കിൾ 97 അനുസരിച്ച്, കപ്പല്‍ ഏത് രാജ്യത്തിന്റെ പതാക വഹിക്കുന്നുവോ അവര്‍ക്ക് മാത്രമേ സംഭവത്തിന്മേൽ ശിക്ഷാനടപടികൾക്ക് അധികാരമുള്ളൂ.
  5. ഇറ്റാലിയന്‍ ശിക്ഷാനിയമപ്രകാരം നാവികർക്കെതിരെ സ്വന്തം രാജ്യത്ത് ക്രിമിനൽ നടപടി ആരംഭിച്ചിട്ടുണ്ട്.

ഇറ്റലിയുടെ വാദങ്ങള്‍ക്ക് ഇന്ത്യയുടെ പ്രതികരണം ഇങ്ങനെ:

  1. മാരിടൈം സോൺ ആക്ടിലെ സെക്ഷൻ 7 (7) പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഇന്ത്യൻ പീനൽ കോഡും ക്രിമിനൽ പ്രൊസീജ്യർ കോഡും അനുബന്ധ മേഖല ഉൾപ്പെടുന്ന എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് ബാധകമാണ്.
  2. സി‌ആർ‌പി‌സി സെക്ഷൻ 183 പ്രകാരം ഐ‌പി‌സി 188 എ വകുപ്പ് ചുമത്തിയ കുറ്റകൃത്യത്തിന്മേല്‍ കേരളത്തിലെ(സംഭവ സ്ഥലത്തെ) കോടതികള്‍ക്കാണ് അധികാരം.
  3. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 4 അനുസരിച്ച്, ഇര ഒരു ഇന്ത്യൻ പൗരനാണെങ്കില്‍ ലോകത്തിന്റെ ഏത് ഭാഗത്തും ചെയ്യുന്ന കുറ്റകൃത്യവും ഐ‌പി‌സിയുടെ സെക്ഷൻ 2 പ്രകാരം ഇന്ത്യയില്‍ വിചാരണ ചെയ്ത് ശിക്ഷ നടപ്പാക്കാന്‍ ബാധ്യസ്തമാണ്.
  4. ഒരു ഇന്ത്യൻ കപ്പലിൽ ഒരു ഇന്ത്യൻ പൗരനെ കൊല്ലുന്നത് യു‌എൻ‌ സമുദ്രനിയമത്തിലെ ആർട്ടിക്കിൾ 97 അനുസരിച്ചുള്ള കുറ്റകൃത്യമല്ല.
  5. ഇതര രാജ്യത്തിന്റെ പരമാധികാര പ്രവര്‍ത്തന(sovereign function) ത്തിന് അന്താരാഷ്ട്ര നിയമം സമ്പൂര്‍ണ പരിരക്ഷ നല്‍കുന്നില്ല.

ജസ്റ്റിസുമാരായ അൽതമാസ് കബീർ, ചെലമേശ്വർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഒരു ഇന്ത്യൻ മത്സ്യബന്ധന കപ്പലിൽ രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ക്രിമിനല്‍ പ്രവൃത്തി യു‌എൻ‌ കടല്‍നിയമത്തിന്റെ ആർട്ടിക്കിള്‍ 97 ല്‍ ഉള്‍പ്പെടുത്താനാവില്ല എന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. ഉള്‍ക്കടലില്‍ മാത്രം ബാധകമായ നിയമമാണ് അതെന്നും കോടതി നിരീക്ഷിച്ചു.

മാരിടൈം സോൺ ആക്റ്റ് പ്രകാരം ഇന്ത്യയ്ക്ക് ‘കോണ്ടിഗസ് സോണി’ല്‍ അധികാരപരിധി ഉണ്ടെന്നും ഇന്ത്യൻ കപ്പലിന് നേരെ ഇറ്റാലിയൻ കപ്പലിൽ നിന്ന് വെടിയുതിർത്ത സംഭവം ഇന്ത്യയുടെ അധികാര പരിധിയില്‍ സംഭവിച്ചതാണെന്നും ജസ്റ്റിസ് കബീർ വിധിന്യായത്തിൽ പറഞ്ഞു. രാജ്യത്ത് നിലവിലുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥ പ്രകാരം രണ്ട് ഇറ്റാലിയൻ നാവികരെ വിചാരണ ചെയ്യാൻ ഇന്ത്യയ്ക്ക് അധികാരമുണ്ട്.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേരളത്തിന് അധികാരമില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. മാരിടൈം സോൺ നിയമപ്രകാരം കോണ്ടിഗസ് സോണിന്മേൽ കേന്ദ്രസർക്കാരിന് മാത്രമേ അധികാരമുള്ളൂ ഉള്ളൂ എന്നതിനാലാണ് ഇത്.

തുടര്‍ന്ന് കേസ് പരിഗണിക്കാൻ പ്രത്യേക കോടതി രൂപീകരിക്കാൻ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് കേന്ദ്ര സര്‍ക്കാരിന് നിർദ്ദേശം നൽകി. ഇതനുസരിച്ച് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെയുള്ള കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റാൻ ഉത്തരവിട്ടു. ശേഷം കേസിന്റെ തുടരന്വേഷണം കേരള പോലീസിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തു.

ഇതിനിടയില്‍ മരിച്ച വാലന്റൈൻ ജലസ്റ്റൈൻ, അജേഷ് ബിങ്കി എന്നിവരുടെ കുടുംബാംഗങ്ങള്‍ ഇറ്റാലിയൻ അധികൃതരുമായി ഒത്തുതീർപ്പിലെത്തിയിരുന്നു.
ഒരു കോടി രൂപ വീതം ഇരുവരുടേയും കുടുംബങ്ങള്‍ക്ക് നല്‍കിയാണ് ഒത്തുതീര്‍പ്പിലെത്തിയത്. ബോട്ടുടമയ്ക്ക് 17 ലക്ഷം രൂപ നല്‍കി കേരള ഹൈക്കോടതിയിൽ സമർപ്പിച്ച നഷ്ടപരിഹാര കേസും തീർപ്പാക്കി.

യതന്ത്ര പിരിമുറുക്കങ്ങൾ

2013 ഫെബ്രുവരിയിൽ ഇറ്റലിയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നാവികരെ നാട്ടിലേക്ക് പോകാൻ സുപ്രീംകോടതി അനുവദിച്ചിരുന്നു. നാവികരുടെ തിരിച്ചുവരവ് സംബന്ധിച്ച് ഇറ്റലി നല്‍കിയ ഉറപ്പിന്‍മേലായിരുന്നു ഇത്. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടതോടെ അന്നത്തെ ഇറ്റാലിയൻ അംബാസഡർ ഡാനിയേൽ മിൻസിനിയെ രാജ്യം വിടുന്നതിൽ നിന്ന് ഇന്ത്യ വിലക്കിയത് രൂക്ഷ്മായ നയതന്ത്ര പ്രതിസന്ധിക്ക് കാരണമായി. ഇന്ത്യയുടെ സമ്മർദത്തിന് ഒടുവില്‍ 2013 മാർച്ചിൽ ഇറ്റലിക്ക് നാവികരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കേണ്ടിവന്നു.

2014 സെപ്റ്റംബറിൽ നാവികരിൽ ഒരാളായ ലാത്തോറെ വൈദ്യചികിത്സയ്ക്കായി ഇറ്റലിയിലേക്ക് മടങ്ങാൻ അനുമതി തേടി സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ഇന്ത്യയിലായിരിക്കെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. മാനുഷിക കാരണങ്ങളാൽ സുപ്രീംകോടതി അദ്ദേഹത്തെ ഇറ്റലിയിലേക്ക് പോകാൻ അനുവദിച്ചു. ആദ്യം നാലുമാസമാണ് സ്വദേശത്ത് തങ്ങാന്‍ അനുമതി നല്‍കിയതെങ്കിലും പിന്നീട് പലപ്പോഴായി ഇത് നീട്ടി നല്‍കി.

ഇറ്റലി അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നു

2015 ജൂലൈയിൽ ഇറ്റലി അന്താരാഷ്ട്ര കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2015 ഓഗസ്റ്റ് 24 ന് എല്ലാ കോടതി നടപടികളും താൽക്കാലികമായി നിർത്തിവയ്ക്കാന്‍ ഇന്ത്യയോടും ഇറ്റലിയോടും അന്താരാഷ്ട കോടതി ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ ദുഖവും കഷ്ടപ്പാടുകളും മനസിലാക്കുന്നതോടൊപ്പം നാവികർക്ക് അനന്തമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അവര്‍ക്കും കുടുംബത്തിനും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. തുടർന്ന് ഇന്ത്യയിലെ കേസിന്റെ വിചാരണ സുപ്രീംകോടതി താൽക്കാലികമായി നിർത്തിവച്ചു.

രണ്ടാമത്തെ നാവികനായ ഗിരോണിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകാന്‍ ഇറ്റലിയുടെ അപേക്ഷയെ തുടര്‍ന്ന് അതും അനുവദിക്കപ്പെട്ടു.

2016 മെയ് മാസം ‘ഇറ്റലിയിലായിരിക്കുമ്പോള്‍ തുടര്‍ന്നും കേസില്‍ സുപ്രീം കോടതിയുടെ നടപടികള്‍ അംഗീകരിക്കു’മെന്ന് സത്യവാങ്മൂലം നല്‍കിയത് പ്രകാരം രണ്ടാമത്തെ നാവികനേയും ഇന്ത്യ ഇറ്റലിയിലേക്ക് പോകാൻ അനുവദിച്ചു. നാവികരെ ഇറ്റലിയിൽ തുടരാൻ അനുവദിക്കുന്നതില്‍ എതിർപ്പ് ഇല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

പ്രമാദമായ കടല്‍ക്കൊല കേസില്‍ ഹേഗിലെ അന്താരാഷ്ട കോടതിയില്‍ 2019 ജൂലൈ 8 മുതൽ ജൂലൈ 20 വരെ ഇരു രാജ്യങ്ങളുടേയും വിശദമായ വാദവും പ്രതിവാദവും നടന്നു. അന്തിമ വിധിക്ക് ഇനിയും കാത്തിരിക്കണമെങ്കിലും നാവികര്‍ ഇപ്പോഴും ഇറ്റലിയില്‍ തുടരുന്നു.

കടപ്പാട്: LiveLaw.in