ദില്ലിയിലെപോലെ ബീഹാറിലും യഥാര്‍ത്ഥ ദേശീയത വിജയിക്കണമെന്ന് തേജസ്വി യാദവ്

single-img
16 February 2020

പാറ്റ്ന: യഥാർത്ഥ ദേശീയത തിരഞ്ഞെടുത്ത ദില്ലി നിവാസികളെ ബീഹാറിലെ വോട്ടർമാർ അനുകരിക്കണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മതേതര കാഴ്ച്ചപ്പാടിന് വിരുദ്ധമായ നിലപാടുള്ള മുഖ്യമന്ത്രി നിതീഷ് കുമാറിന് ജനങ്ങള്‍ തള്ളണമെന്നും തന്റെ ‘ബെറോസ്‌ഗരി ഹതാവോ’ യാത്രയ്ക്ക് മുന്നോടിയായി പി‌ടി‌ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഫെബ്രുവരി 23ന് പാറ്റ്നയില്‍ കൂറ്റന്‍ റാലിയോടെയാണ് തേജസ്വി യാദവിന്റെ പര്യടനം ആരംഭിക്കുന്നത്.

എന്‍ഡിഎ സഖ്യക്ഷിയായ നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ഭിന്നിപ്പിക്കൽ അജണ്ടയും 15 വർഷത്തെ ദുര്‍ഭരണത്തിനും അറുതിവരുത്താന്‍ ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തിന് കഴിയുമെന്നും സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് കൂടിയായ യാദവ് പറഞ്ഞു.

“സി‌എ‌എ, എൻ‌പി‌ആർ എന്നിവയെ നിതീഷ് കുമാർ ഒരിക്കലും വിമർശിച്ചിട്ടില്ല. സംവരണ വിഷയത്തിൽ ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞിട്ടില്ല. ബിജെപിയുടെ നയങ്ങളെ വിമർശിക്കാൻ അദ്ദേഹത്തിന് ധൈര്യമില്ല. പാർലമെന്റിൽ പൗരത്വ ബിൽ പാസാക്കാൻ ബിജെപിയെ സഹായിച്ച പാര്‍ട്ടിയാണ് ജെഡിയു” അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാർട്ടിയുടെ ദില്ലി തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചുള്ള ചോദ്യത്തിന്, സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹിക, സാമ്പത്തിക സുരക്ഷയ്ക്കായി പ്രവർത്തിക്കുകയും ചെയ്യുകയാണെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കല്‍ നടക്കില്ലെന്ന സന്ദേശമാണ് ദില്ലി നല്‍കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

“പൗരന്മാരുടെ ക്ഷേമമാണ് യഥാർത്ഥ ദേശീയത. സാമുദായിക ഭിന്നിപ്പിണ്ടാക്കുന്നത് രാജ്യത്തിന് നാശകരമാണ്. യുവാക്കൾ തെരുവിലിറങ്ങുന്നു, ജനങ്ങള്‍ കൊല്ലപ്പെടുന്നു. ചോദ്യങ്ങൾ ചോദിക്കുന്ന പൗരന്‍മാരെ അക്രമിക്കാന്‍ കേന്ദ്ര മന്ത്രിമാർതന്നെ പ്രേരിപ്പിക്കുന്നു. ആർ‌ജെ‌ഡി നേതാവ് പറഞ്ഞു.

ദില്ലിയിലെ വോട്ടർമാർ രാജ്യത്തിന് ശരിയായ പാതയാണ് കാണിച്ചതെന്നും ഇപ്പോൾ അവരെ അനുകരിക്കേണ്ടത് ബീഹാറിലെയും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലേയും ജനങ്ങളാണെന്നും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവ് പറഞ്ഞു