പുൽവാമയിൽ നേട്ടം കൊയ്തത് ആര്‌ ; ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

single-img
14 February 2020

ഡൽഹി: പുൽവാമയിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാർഷികത്തിൽ ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷമായ കടന്നാക്രമണവുമായി രാഹുൽ ഗാന്ധി. പുല്‍വാമ ആക്രമണം കൊണ്ട് ആരാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയതെന്ന് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ എന്താണ് കണ്ടെത്തിയത്.ആക്രമണത്തിലേക്കു വഴിതിരിച്ച സുരക്ഷാ പിഴവുകളിൽ ആരെയാണ് പിടികൂടിയിരിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു.

പുൽവാമയ്ക്ക് പിന്നാലെ വന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ആഭ്യന്തരസുരക്ഷയും തീവ്രവാദവും ദേശീയതയും പറഞ്ഞ് വഴിതിരിച്ച് വിട്ട ബിജെപിക്കെതിരെ രൂക്ഷമായ രാഷ്ട്രീയാരോപണ സൂചനകളാണ് രാഹുൽ ഗാന്ധി ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ഇതിൽ നേട്ടം കൊയ്തത് ബിജെപിയാണെന്നും രാഹുൽ ഗാന്ധി സൂചിപ്പിക്കുന്നു.

പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജവാന്മാരുടെ രക്തസാക്ഷിത്വം രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

പുൽവാമയിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ ഓർമകൾക്ക് ​ഇന്ന് ഒരു വയസ്സ് തികയുകയാണ്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്‌മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. 40 ജവാന്മാരാണ് അന്നു വീരമൃത്യു വരിച്ചത്.