ആർസിബി പോസ്റ്റുകൾ അപ്രത്യക്ഷം ; ക്യാപ്റ്റനെ അറിയിച്ചിട്ടില്ലെന്ന് കോലി

single-img
14 February 2020

ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിവിധ സമൂഹമാധ്യമങ്ങളിലെ പേജുകളിൽനിന്ന് പ്രൊഫൈൽ ചിത്രങ്ങൾ ഉൾപ്പെടെ പോസ്റ്റുകൾ കൂട്ടത്തോടെ ‘അപ്രത്യക്ഷമായി’. പുതിയ സീസണിന് മുന്നോടിയായി ടീം വലിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണിത്. എന്താണ് സംഭവമെന്ന് മനസ്സിലാകാതെ താരങ്ങളും ആരാധകരും കൂട്ടത്തോടെ രംഗത്തെത്തിയതോടെ ആർസിബിക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യവും സമൂഹമാ​ധ്യമങ്ങളിൽ അലയടിക്കുകയാണ്.

ഇതിനു പിന്നാലെ, ഇങ്ങനെയൊരു സംഭവം ‘ക്യാപ്റ്റനെ അറിയിച്ചിട്ടില്ലെന്ന്’ വ്യക്തമാക്കി റോയൽ ചാലഞ്ചേഴ്സ് ക്യാപ്റ്റൻ കൂടിയായ വിരാട് കോലിയുടെ ട്വീറ്റെത്തി.”എല്ലാ പോസ്റ്റുകളും നീക്കം ചെയ്യപ്പെട്ടു. എന്നാൽ ക്യാപ്റ്റനെ അറിയിച്ചിട്ടില്ല. എന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കുക” – റോയൽ ചലഞ്ചേഴ്സ് ടീമിനെ ടാഗ് ചെയ്ത് കോലി കുറിച്ചു.

യുസ്‌വേന്ദ്ര ചെഹലും എ.ബി. ഡിവില്ലിയേഴ്സും ദേവ്ദത്ത് പടിക്കലും ഉൾപ്പെടെയുള്ള ആർസിബി താരങ്ങളും ഡയറക്ടർ ഓഫ് ക്രിക്കറ്റ് മൈക്ക് ഹെസ്സനും ട്വിറ്ററിലൂടെ പ്രതികരണവുമായെത്തിയിട്ടുണ്ട്.താരങ്ങൾക്കൊപ്പം ഐപിഎല്ലിലെ മറ്റ് ടീമംഗങ്ങളും ആർസിബിയെക്കുറിച്ച് തിരക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. റീബ്രാൻഡിങ്ങിന് തയ്യാറെടുക്കുകയാണെങ്കിൽ സഹായിക്കാമെന്ന് ഡൽഹി ക്യാപിറ്റൽസ് കുറിച്ചു. സൺറൈസേഴ്സ് ഹൈദരാബാദും കാര്യം തിരക്കിയിട്ടുണ്ട്.



അതേസമയം, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായി ആർസിബി പുതിയ സ്പോൺസർഷിപ് കരാർ ഒപ്പിട്ടതിനു പിന്നാലെയാണ് മാറ്റമെന്ന് വിവിധ റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.