സ്പിരിറ്റ് ഇറക്കുമതിയില്‍ ജിഎസ്ടി ചുമത്തിയില്ല, സര്‍ക്കാരിന് കോടികളുടെ നഷ്ടമെന്ന് സിഎജി റിപ്പോര്‍ട്ട്

single-img
14 February 2020

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തു നിന്നും ഇറക്കുമതി ചെയ്ത സ്പിരിറ്റിന് (എക്സ്റ്റ്രാ ന്യൂട്രൽ ആൽക്കഹോൾ- ENA) ജിഎസ്ടി നികുതി ചുമത്താതിരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് കോടികളുടെ നഷ്ടം. സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ഉണ്ടാക്കുന്നതിനായി സംസ്ഥാനത്തെ ഡിസ്റ്റിലറികളിലേക്ക് പുറത്തു നിന്നും ഇറക്കുമതി ചെയ്ത സ്പിരിറ്റിനാണ് ജിഎസ്ടി ചുമത്താതിരുന്നത്.ചട്ടപ്രകാരം സംസ്ഥാന സര്‍ക്കാരിന് നികുതി ചുമത്തുവാന്‍ അധികാരമുണ്ടായിട്ടും അത് ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

258.57 കോടി മൂല്യമുള്ള സ്പിരിറ്റിന്റെ ഇറക്കുമതിയില്‍ ജിഎസ് ടി ചുമത്താതിരുന്നത് കണക്കാക്കിയാല്‍ അത് 46.54 കോടി വരും. സ്പിരിറ്റിന്റെ വിതരണം നടന്നത് കേരള സംസ്ഥാനത്തിലായതിനാല്‍, 2017 ലെ ഐജിഎസ്ടി നിയമത്തിലെ പതിനേഴാം വകുപ്പു പ്രകാരം ഐജിഎസ്ടിയുടെ 50 ശതമാനം കേരളാ സര്‍ക്കാരിനും വിഹിതമായി ലഭിക്കേണ്ടതാണ്. അതായത് 46.54 കോടി രൂപയുടെ നഷ്ടത്തില്‍ 23.27 കോടി കേരള സര്‍ക്കാരിന് ഐജിഎസ്ടി വിഹിതമായി ലഭിക്കേണ്ടതാണ്.

2018 ഡിസംബര്‍ 22 ന് നടന്ന 31-ആം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പ്രസ്തുതപ്രശ്‌നം ഉന്നയിച്ചതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ കൗണ്‍സില്‍ ഒരു തീരുമാനം എടുക്കുന്നതുവരെ തൽസ്ഥിതി തുടരാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. എന്നാല്‍ ജിഎസ്ടി കൗണ്‍സിലിന്റെ 20-ആം യോഗത്തില്‍ എടുത്ത തീരുമാന പ്രകാരം മനുഷ്യ ഉപഭോഗത്തിനായുള്ള മദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്പിരിറ്റിന് ജിഎസ്ടി ചുമത്താന്‍ കേന്ദ്രത്തിനോ സംസ്ഥാനങ്ങള്‍ക്കോ അധികാരമുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.