മനീഷ് സിസോദിയ തോല്‍ക്കുമെന്നു കരുതി ട്വിറ്ററിൽ ട്രോളിയ ബിജെപി എംപി നാണംകെട്ടു


ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തോല്‍ക്കുമെന്നു കരുതി ട്വിറ്ററില്‍ ട്രോളിയ ബിജെപി നേതാവ് നാണംകെട്ടു. വെസ്റ്റ് ഡല്‍ഹിയിലെ ലോക്സഭാംഗമായ പര്‍വേശ് വര്‍മയാണ് സ്വന്തം ട്രോളിന്റെ പേരില്‍ പുലിവാല് പിടിച്ചത്.
ആം ആദ്മി പാര്‍ട്ടി വലിയ ഭൂരിപക്ഷത്തിലേക്കു കുതിക്കുന്നതിനിടെ മനീഷ് സിസോദിയ സ്വന്തം മണ്ഡലമായ പട്പട്ഗഞ്ചില്‍ പിറകില്‍ പോയപ്പോഴായിരുന്നു ബിജെപി എംപി ട്രോളുമായി രംഗപ്രവേശം ചെയ്തത്. വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കുന്നതാണ് ഡല്‍ഹി തെരഞ്ഞെടുപ്പെങ്കില്‍ എങ്ങനെ വിദ്യാഭ്യാസ മന്ത്രി പിന്നിലാ യെന്നായിരുന്നു പര്‍വേശിന്റെ ചോദ്യം. എന്നാല്‍, പരിഹാസം ഏറെ നേരം നീണ്ടുനിന്നില്ല. വലിയ പോരാട്ടത്തിനിടെ സിസോദിയ രണ്ടായിരത്തിലേറെ വോട്ടിനു ജയിക്കുകയായിരുന്നു.
മാത്രമല്ല വെസ്റ്റ് ഡല്‍ഹി ലോക്സഭ മണ്ഡലത്തിലെ പത്ത് നിയമസഭാ മണ്ഡലങ്ങളും ആം ആദ്മി പാര്‍ട്ടി തൂത്തുവാരുകയും ചെയ്തു. ഇതോടെയാണ് എംപിയുടെ പോസ്റ്റിനെതിരെ ആംആദ്മി പ്രവർത്തകർ ട്രോളുമായി രംഗത്തെത്തിയത്.
ബിജെപിയുടെ രവീന്ദര്‍ സിംഗ് നേഗിയും മനീഷ് സിസോദിയയും തമ്മില്‍ വോട്ടെണ്ണലിനിടെ ആദ്യം മുതല്‍ തന്നെ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. ഇടയ്ക്ക് നേഗി വലിയ ഭൂരിപക്ഷം നിലനിര്‍ത്തിയെങ്കിലും അവസാന ഘട്ടമായപ്പോഴേക്കും സിസോദിയ തിരിച്ചുപിടിക്കുകയായിരുന്നു.
പർവേശിൻ്റെ പ്രസ്താവനകൾ ബിജെപിക്ക് തലവേദനയുണ്ടാക്കുന്നത് ഇതാദ്യമല്ല. പൗരത്വ ഭേദഗതി നിയ മത്തിനെതിരേ ഷഹീന് ബാഗില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ നേരത്തേ പർവേശ് രംഗത്തെത്തിയിരുന്നു. ഷഹീന് ബാഗില്‍ സമരത്തിനു വരുന്നവര്‍ പ്രദേശവാസികളുടെ വീടുകളില്‍ കയറി അമ്മമാരെയും സഹോദരിമാരെയും മാനഭംഗപ്പെടുത്തുമെന്നായിരുന്നു എംപി പറ ഞ്ഞത്. ഇതിനെതിരേ നടപടിയെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷന് എംപിയുടെ പ്രചാരണത്തിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.