സല്യൂട്ടടിക്കാൻ പറ്റിയ രാഷ്ട്രീയ പാർട്ടി; ആംആദ്മിയേയും കെജ്രിവാളിനേയും കുറിച്ച് ശ്രീനിവാസൻ അന്ന് പറഞ്ഞു

single-img
12 February 2020

ബിജെപിയെ ഞെട്ടിച്ച് ആംആദ്മി ഡൽഹിയിൽ മൂന്നാം തവണയും അധികാരത്തിലെത്തിയിരിക്കുകയാണ്. രാഷ്ട്രീയവും വർഗ്ഗീയപരവുമായ പ്രചരണങ്ങളെ അതിജീവിച്ച ആംആദ്മി പാർട്ടിയും കെജ്രിവാളും മിന്നും വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.  70ൽ 62 സീറ്റ് നേടിയാണ് മൂന്നാംവട്ടവും ആം ആദ്മിഅധികാരം പിടിച്ചത്.

ആംആദ്മി പാർട്ടി രൂപീകരിച്ച് മാസങ്ങൾ കഴിഞ്ഞപ്പോർത്തന്നെ കേജ്രിവാളിന്റെ പ്രവർത്തനമികവുകൾ ചർച്ചചെയ്യപ്പെട്ടതാണ്. രാഷ്ട്രീയ പ്രവർത്തകരടക്കം മികച്ച അഭിപ്രായവും പങ്കുവച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് കേജ്രിവാളിനെ കുറിച്ച് നടൻ ശ്രീനിവാസൻ നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. 

സല്യൂട്ട് അടിക്കാൻ പറ്റിയ രാഷ്ട്രീയ പാർട്ടിയെന്നാണ് ആംആദ്മിയെ കുറിച്ചും അരവിന്ദ് കെജ്രിവാളിനെക്കുറിച്ചും ശ്രീനിവാസൻ മുമ്പ് പറഞ്ഞത്. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസൻ്റെ പരാമർശം. 

“അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ കീഴിൽ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ സല്യൂട്ട് അടിക്കാൻ പറ്റിയ ഏതെങ്കിലും ഒരു പാർട്ടിയുണ്ടെന്ന് എനിക്ക് വിചാരവുമില്ല. ഇപ്പോൾ നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോൾ അരവിന്ദ് കേജ്‌രിവാൾ വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് പറയാം. അത് അപ്രിഷിയേറ്റ് ചെയ്യേണ്ടതായിട്ടുള്ള ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്ക് ഇപ്പോൾ ഉള്ളത്. വേറെ ആൾക്കാര് മൊത്തത്തിൽ പിശകാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്”.-ശ്രീനിവാസൻ പറഞ്ഞു.