പൗരത്വ ഭേദഗതിക്കെതിരെ ഉറച്ചു നിൽക്കും: നിലപാട് അയ്യപ്പ-വാവര്‍ വിശ്വാസ അടിസ്ഥാനത്തിൽ

single-img
11 February 2020

പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്തു വന്നതിൻ്റെ പേരിൽ അയ്യപ്പ ധര്‍മ്മസേനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. എന്തു വന്നാലും പൗരത്വ ഭേദഗതിക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. 

പാകിസ്താനി ഹിന്ദുവിനേക്കാളും പ്രാധാന്യം ഇന്ത്യന്‍ മുസ്‌ലീമിനാണെന്ന് പറഞ്ഞ രാഹുല്‍ അയ്യപ്പ-വാവര്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത നിലപാടില്‍ നിന്നും അയ്യപ്പ ധര്‍മ്മ സേനയില്‍ നിന്നും പുറത്താക്കിയാലും പിന്‍മാറില്ലെന്ന് കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ചങ്ങരംകുളത്ത് പൗരത്വ നിയമത്തിനെതിരായ 24മണിക്കൂര്‍ നിരാഹാര സമരത്തിന്റെ ഉദ്ഘാടന വേളയിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതിക്ക് എതിരെ രംഗത്തു വന്നതിൻ്റെ പേരിൽ അയ്യപ്പ ധര്‍മ്മ സേന രാഹുല്‍ ഈശ്വറിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്.

അയ്യപ്പ ധര്‍മ്മസേന ട്രസ്റ്റ് ബോര്‍ഡിന്റേതായിരുന്നു തീരുമാനം. സ്വാമി ഹരിനാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നടപടി.

അയ്യപ്പ ധര്‍മസേനയുടെ അധ്യക്ഷനായ രാഹുല്‍ ഈശ്വറിനെ പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തത്.