തീപിടുത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു; യുഎഇയിൽ മലയാളി ഗുരുതരാവസ്ഥയില്‍

single-img
11 February 2020

യുഎഇയിൽ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ശരീരത്തിൽ പൊള്ളലേറ്റ മലയാളി ഗുരുതരാവസ്ഥയില്‍. യുഎഇയിൽ ഉമ്മുല്‍ ഖുവൈനില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

കോട്ടയം ജില്ലയിലെ ചെങ്ങന്നൂര്‍ സ്വദേശി അനില്‍ നൈനാന്‍, ഭാര്യ നീനു എന്നിവരാണ് അബുദാബി മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഭർത്താവായ അനില്‍ നൈനാന് 90 ശതമാനം പൊള്ളലേറ്റതായാണ് വിവരം. അപകടത്തിൽപ്പെട്ട നീനുവിന് 10 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇവർ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ തിങ്കളാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തം ഉണ്ടാകാനുള്ള കാരണമായതെന്നാണ് പ്രാഥമിക സൂചന. അപകടത്തെ തുടർന്ന് നീനുവിന്റെ ശരീരത്തില്‍ ആദ്യം തീപടരുകയും ഈ സമയം മുറിയിലായിരുന്ന അനില്‍ ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ശരീരത്തിലേക്കും തീ പടര്‍ന്നുപിടിക്കുകയുമായിരുന്നെന്നാണ് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.