ഡല്‍ഹിയില്‍ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ കൂട്ട ലൈംഗികാതിക്രമണം; പിന്നിൽ സിഎഎ അനുകൂല പരിപാടിക്കെത്തിയവർ

single-img
9 February 2020

ഡൽഹിയിലെ ഗാർഗി കോളേജ് ക്യാമ്പസിനുള്ളിൽ വിദ്യാര്‍ത്ഥിനികള്‍ കൂട്ട ലൈംഗികാതിക്രമത്തിനിരയായതായി ആരോപണം.ക്യാമ്പസിന്റെ പുറത്തുനിന്നെത്തിയവര്‍ ശാരീരികമായി ഉപദ്രവിക്കുകയും പെണ്‍കുട്ടികള്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം നടത്തുകയും ചെയ്യുകയായിരുന്നു.

കഴിഞ്ഞ ആറാം തീയതി കോളേജിലെ വാര്‍ഷികാഘോഷ പരിപാടികള്‍ക്കിടെയായിരുന്നു സംഭവം. തലസ്ഥാനത്ത് സിഎഎ അനുകൂലിക്കുന്ന പരിപാടിക്കെത്തിയവരാണ് കാമ്പസില്‍ അതിക്രമിച്ച് കയറിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും ചില വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.

അതിക്രമത്തിനിരയായ ചില പെണ്‍കുട്ടികള്‍ സോഷ്യല്‍ മീഡിയയായ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധവും തങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമവും രേഖപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ക്യാമ്പസില്‍ അതിക്രമിച്ച് കയറിയവര്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

കോളേജിലെ.വാര്‍ഷികാഘോഷത്തിന് മതിയായ സുരക്ഷ ഒരുക്കാതിരുന്ന കോളേജ് അധികൃതരുടെ വീഴ്ചയാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആരോപണം. പുറത്തുനിന്നെത്തിയ പുരുഷന്മാരെ ഡല്‍ഹി സര്‍വകലാശാലയുടെ ഐഡി കാര്‍ഡ് പോലും ചോദിക്കാതെ കടത്തിവിട്ടെന്നും മറ്റുചിലര്‍ കൂട്ടത്തോടെ ഗേറ്റ് തള്ളിത്തുറന്നും മതില്‍ ചാടിയും കോളേജില്‍ പ്രവേശിച്ചെന്നും ഇവര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ കോളേജ് അധികൃതര്‍ ഇതുവരെ പോലീസിന് പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

വിദ്യാര്‍ത്ഥികള്‍ പരാതിയുമായി കോളേജ് അധികൃതരെ സമീപിച്ചപ്പോള്‍ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെങ്കില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.