ഹാമില്‍ട്ടണില്‍ കിവീസിന്റെ ഉയിർത്തെഴുന്നേൽപ്പ് ;ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റിന്റെ വിജയം

single-img
6 February 2020

ഹാമിൽട്ടൺ : ട്വന്റി-ട്വന്റി പരമ്പരയിൽ സ്വന്തം നാട്ടിൽ വൈറ്റ് വാഷിന് വിധേയരാകേണ്ടി വന്ന ന്യൂസിലൻഡിന് ഹാമില്‍ട്ടണില്‍ ഉയിർത്തെഴുന്നേൽപ്പ്. ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ടീമിന്‍റെ ശക്തമായ മടങ്ങിവരവാണ് ഹാമില്‍ട്ടണില്‍ കണ്ടത്. ന്യുസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ബാറ്റിംഗിലെ മികവ് ബൗളിംഗില്‍ ആവര്‍ത്തിക്കാനാകാതെപോയതാണ് ഇന്ത്യക്ക് തോൽവി പിണയാൻ കാരണം. ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0ന് മുന്നിലെത്തി. സ്‌കോര്‍-ഇന്ത്യ: 347-4 (50), ന്യൂസിലന്‍ഡ്: 348/6 (48.1) .

ഹാമില്‍ട്ടണില്‍ റോസ് ടെയ്‌ലറുടെ നേതൃത്വത്തിലാണ് കിവികൾ വിജയം നേടിയത്. ഇന്ത്യ ഉയർത്തിയ 348 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയവരെല്ലാം തങ്ങളുടേതായ സംഭാവനകൾ നൽകി. ഇന്ത്യ എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെയാണ് കിവികള്‍ തുടങ്ങിയത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്‌ടില്‍ വ്യക്തിഗത സ്‌കോര്‍ 32ല്‍ പുറത്താകുമ്പോള്‍ 15.4 ഓവറില്‍ 85 റണ്‍സിലെത്തിയിരുന്നു ന്യൂസിലന്‍ഡ്. മൂന്നാമന്‍ ടോം ബ്ലെന്‍ഡല്‍ ഒന്‍പത് റണ്‍സില്‍ പുറത്തായി. എന്നാല്‍ റോസ് ടെയ്‌ലറെ കൂട്ടുപിടിച്ച് ഹെന്‍റി നിക്കോള്‍സ് ആതിഥേയരെ ശക്തമായ നിലയിലെത്തിച്ചു.പിന്നാലെ വന്ന നായകന്‍ ടോം ലാഥമിനൊപ്പം ടെയ്‌ലര്‍ തകര്‍പ്പന്‍ കൂട്ടുകെട്ട് സ്ഥാപിക്കുന്നതാണ് പിന്നീട് കണ്ടത്. ഒടുവിൽ 73 പന്തില്‍ ഇരുപത്തിയൊന്നാം സെഞ്ചുറി (109) തികച്ച ടെയ്‌ലര്‍ മത്സരം ന്യൂസിലന്‍ഡിന്‍റേതാക്കി മാറ്റുകയായിരുന്നു .

നേരത്തെ ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെ ബാറ്റിംഗാണ് ഹാമില്‍ട്ടണില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍(347-4) സമ്മാനിച്ചത്. ശ്രേയസ് (107 പന്തില്‍ 103), രാഹുല്‍(64 പന്തില്‍ 88*), കോലി(63 പന്തില്‍ 51), എന്നിങ്ങനെയാണ് സ്‌കോര്‍. ശ്രേയസിന്‍റെ കന്നി ഏകദിന സെഞ്ചുറിയാണ് ഹാമില്‍ട്ടണില്‍ പിറന്നത്. രാഹുലിനൊപ്പം 15 പന്തില്‍ 26 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കേദാര്‍ ജാദവിന്‍റെ പ്രകടനവും ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി.