കേരളത്തില്‍ താമസിക്കാന്‍ മുറി ലഭിക്കുന്നില്ല; പരാതിയുമായി എത്തിയ ചൈനക്കാരനെ ഐസൊലേഷന്‍ വാര്‍ഡിലാക്കി പോലീസ്

single-img
5 February 2020

കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ താമസിക്കാന്‍ മുറി ലഭിക്കുന്നില്ലെന്ന പരാതിയുമായി ചൈനക്കാരന്‍ പോലീസ് കമ്മീഷണറുടെ ഓഫീസില്‍. തലസ്ഥാനത്തെ കമ്മീഷണറുടെ ഓഫീസിലെത്തിയ ഇയാളെ ഉടന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജിഷോയു ഷാഓ എന്ന് പേരുള്ള ഇരുപത്തഞ്ചുകാരനെയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ മാസം 23ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയ ജിഷോയു കഴിഞ്ഞദിവസമാണ് തിരുവനന്തപുരത്തെത്തിയത്. ഇവിടെയെത്തിയ ജിഷോയു നിരവധി ഹോട്ടലുകളില്‍ മുറി അന്വേഷിച്ചെങ്കിലും കൊറോണ വൈറസ് ബാധയെ ഭയന്ന് ആരും മുറി നല്‍കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ പരാതിയുമായി കമ്മീഷണര്‍ ഓഫീസിലെത്തിയത്.

തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ രക്തം പരിശോധിച്ചതിന്റെ ഫലങ്ങള്‍ ജിഷോയുവിന്റെ കൈവശമുണ്ടായിരുന്നു. ഇവ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷമാണ് പോലീസ് ഇയാളെ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലയ്ക്ക് മാറ്റിയത്. നിലവില്‍ ജിഷോയുവിന് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നും നിരീക്ഷണത്തിനു മാത്രമായാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.