ഇല്ലാത്ത കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിലൂടെ ധനസഹായം; വ്യാജ പ്രചാരണത്തില്‍ വിശ്വസിച്ച് ജനങ്ങള്‍; പോലീസ് അന്വേഷണം ആരംഭിച്ചു

single-img
1 February 2020

ഇല്ലാത്ത കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അപേക്ഷയുമായി നാട്ടുകാര്‍ പരക്കം പായുന്നു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയിലൂടെ 50000 രൂപ ധനസഹായം കിട്ടുമെന്ന വ്യാജപ്രചാരണത്തില്‍ വിശ്വസിച്ച് നൂറുകണക്കിന് ആളുകള്‍ തിരുവനന്തപുരം കാട്ടാക്കട താലൂക്ക് ഓഫീസിലും പോസ്റ്റോഫീസിലും അപേക്ഷയുമായി എത്തി.

18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ അതിജീവികയിലേക്ക് അപേക്ഷിക്കാനാണ്അവസാന തീയതി ജനുവരി 31 എന്ന പ്രചാരണം വിശ്വസിച്ച് ദൂരസ്ഥലങ്ങളില്‍ നിന്ന് പോലും ആളുകളെത്തിയത്. നിലവില്‍ വ്യാജപ്രചാരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

എന്നാല്‍ ഇതേപേരില്‍ ഉള്ളത് കേരള സര്‍ക്കാരിന്‍റെ ‘അതിജീവിക’ പദ്ധതിയാണ്. ഈ പദ്ധതി പ്രകാരം ഭര്‍ത്താവിന്‍റെ അസുഖമോ മരണമോ കാരണം ജീവിതം ദുരിതത്തിലായതോ അസുഖം ബാധിച്ചു മറ്റാരും പരിചരിക്കാനില്ലാതെ കഷ്ടപ്പെടുകയോ ചെയ്യുന്ന 50 ല്‍ താഴെ പ്രായമുള്ള സ്ത്രീകള്‍ക്കുള്ള പദ്ധതിയും. 50000 രൂപ തന്നെയാണ് ധനസഹായം.

അപേക്ഷ നല്‍കാനായി പ്രത്യേക തീയതി നിശ്ചയിച്ചിട്ടില്ലാത്ത പദ്ധതിയാണെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് ജനുവരി 10ന് അവസാനിപ്പിച്ചിരുന്നു.