ശബരിമല യുവതിപ്രവേശനം; വിശാല ബെഞ്ച് മുന്‍പാകെ 10 ദിവസത്തെ വാദം മതിയെന്ന് സുപ്രീം കോടതി

single-img
29 January 2020

ഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചില്‍ 10 ദിവസം മാത്രം വാദം മതിയെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച എല്ലാവിഷയങ്ങളും ഉള്‍പ്പെടെയാണ് വാദം നടത്തേണ്ടത്.

ബെഞ്ച് പരിഗണിക്കേണ്ട പ്രശ്‌നങ്ങളെക്കുറിച്ച് അഭിഭാഷകര്‍ക്ക് അഭിപ്രായ ഐക്യം ഉണ്ടാക്കാനായില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാല്‍ മേത്ത കോടതിയെ അറിയിച്ചു. പരിഗണിക്കേണ്ട വിഷയങ്ങള്‍ക്ക് കോടതി തന്നെ അന്തിമ രൂപം നല്‍കണമെന്ന് മേത്ത ആവശ്യപ്പെട്ടു.അഭിഭാഷകര്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ വിവി ഗിരി ക്രോഡീകരിച്ചു.

നിലവിലെ സാഹചര്യത്തില്‍ 10 ദിവസം കൊണ്ട് വാദം പൂര്‍ത്തിയാക്കാനാവില്ലെന്നാണ് അഭിഭാഷകരുടെ നിലപാട്. സമാനരീതിയില്‍ വരുന്ന വിവിധ കേസുകളും ഒന്‍പതംഗ ബെഞ്ച് പരിശോധിക്കുമെന്നാണ് തീരുമാനം.