അർണബ് ഗോസ്വാമിയ്ക്ക് വിമാനത്തിനുള്ളിൽ വെച്ച് കുനാൽ കാമ്രയുടെ വക ‘റിപ്പബ്ലിക് സ്റ്റൈൽ ട്രോൾ’: വീഡിയോ വൈറൽ

single-img
28 January 2020

വിമാനത്തിനുള്ളിൽ യാദൃശ്ചികമായി കണ്ടുമുട്ടിയ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ “റിപ്പബ്ലിക് ടിവി സ്റ്റൈലിൽ” ട്രോളി പ്രശസ്ത സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കാമ്ര.

I did it for my hero…I did it for Rohit

Posted by Kunal Kamra on Tuesday, January 28, 2020

നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കമ്രയുടെ ചോദ്യം. അർണബ് ഗോസ്വാമി തന്റെ പ്രൈം ടൈം ചർച്ചയിൽ പാനലിസ്റ്റുകളെ ചോദ്യം ചെയ്യുന്ന ശൈലി അനുകരിച്ചു കൊണ്ടായിരുന്നു കുനാൽ കാമ്ര അർണബിനെ ട്രോൾ ചെയ്തത്. ചോദ്യം കേൾക്കാത്ത രീതിയിൽ ലാപ്ടോപ്പിൽ എന്തോ കണ്ടുകൊണ്ട് ഹെഡ്ഫോൺ ചെവിയിൽ വെച്ചിരിക്കുന്ന അർണബിന്റെ വീഡിയോ കുനാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്.

ഇതിനോടകം ഫെയ്സ്ബുക്കിലും ട്വിറ്ററിലും വൈറലായ വീഡിയോയില്‍ വിമാനത്തില്‍ വെച്ചു കണ്ടുമുട്ടിയ അര്‍ണബ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും കുനാല്‍ കമ്ര പറയുന്നുണ്ട്. തുടര്‍ച്ചയായി അര്‍ണാബിനെ ഭീരുവെന്ന് വിളിക്കുന്ന കമ്ര ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണെന്നും പറയുന്നുണ്ട്.

‘നിങ്ങള്‍ പറയുന്ന തുക്‌ഡെ തുക്‌ഡെ കഥയുടെ ഭാഗമാണ് ഞാനും, നിങ്ങള്‍ക്കെന്നെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കാമെന്നും കമ്ര പറയുന്നുണ്ട്. നിങ്ങള്‍ ഒരു ഭീരുവാണോ അതോ മാധ്യമ പ്രവര്‍ത്തകനാണോ അതോ ദേശീയ വാദിയാണോ എന്ന് ഈ രാജ്യത്തിലെ ആളുകളുള്‍ക്ക് അറിയാന്‍ താത്പര്യമുണ്ട്. നിങ്ങള്‍ ഭീരുവാണോ, അതോ ഒരു മാധ്യമ പ്രവര്‍ത്തകനോ, നിങ്ങളാരാണെന്ന് പറയൂ അര്‍ണബ് ‘

എന്നായിരുന്നു കുനാൽ കാമ്രയുടെ ചോദ്യം.

ഇത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങള്‍ നിങ്ങളുടെ പരിപാടിയില്‍ ജാതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്ന രോഹിതിന്റെ അമ്മയ്ക്കു വേണ്ടിയാണ്. രോഹിതിന്റെ പത്തു പേജുകളുള്ള ആത്മഹത്യാ കുറിപ്പെടുത്ത് വായിക്ക് അപ്പോള്‍ നിങ്ങള്‍ക്ക് കുറച്ചെന്തെങ്കിലും വികാരം വരുമായിരിക്കും അല്ലെങ്കില്‍ മനുഷ്യനാവുമായിരിക്കുമെന്നും കുനാൽ പറയുന്നു.

ലക്നൌവിലേയ്ക്കുള്ള ഒരു ഫ്ലൈറ്റിൽ വെച്ചു കണ്ടുമുട്ടിയ അർണബ് ഗോസ്വാമിയെ താൻ വിനയത്തോടെ ഒരു സംഭാഷണത്തിനായി ക്ഷണിച്ചുവെങ്കിലും അദ്ദേഹം അതു കേൾക്കാത്തതുപോലെ ഒരു ഫോൺ കോൾ ചെയ്യുന്നതായി അഭിനയിച്ചു. കുറേനേരം കാത്തുനിന്ന ശേഷം അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനത്തെക്കുറിച്ച് താൻ ഒരു അഭിപ്രായം അറഞ്ഞുവെങ്കിലും അതിനോട് പ്രതികരിക്കാൻ തയ്യാറാകാതെ അദ്ദേഹം തന്നെ മനോരോഗിയെന്ന് വിളിക്കുകയായിരുന്നുവെന്ന് കുനാൽ കാമ്ര പിന്നീട് വിശദീകരിച്ചു.

To all the journalists calling me here’s my statement on what happened. Today I met Arnab Goswami in a flight to…

Posted by Kunal Kamra on Tuesday, January 28, 2020

വീണ്ടും അദ്ദേഹത്തെ സമീപിച്ചുവെങ്കിലും അദ്ദേഹം എന്തോ ലാപ്ടോപ്പിൽ കാണുകയാണെന്ന് പറഞ്ഞു. ഈ അവസരത്തിൽ റിപ്പബ്ലിക് ടിവി മാധ്യമപ്രവർത്തകർ മറ്റുള്ളവരോട് അവരുടെ സ്വകാര്യ ഇടങ്ങളിലും പൊതുവിടങ്ങളിലും പെരുമാറുന്ന അതേ രീതിയിൽ താനും അർണബിനോട് പെരുമാറുകയായിരുന്നുവെന്നും അതിൽ തനിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും കുനാൽ കാമ്ര തന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. താൻ മൂലം ഉണ്ടായ അസൌകര്യത്തിന് അദ്ദേഹം വിമാനത്തിലെ ജീവനക്കാരോട് പരസ്യമായി മാപ്പും ചോദിച്ചിട്ടുണ്ട്.

യൂട്യൂബിൽ 13 ലക്ഷത്തോളം വരിക്കാരുള്ള കുനാൽ കാമ്ര സംഘപരിവാറിനെയും ബിജെപിയേയും നിരന്തരം വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നയാളാണ്. കോടിക്കണക്കിനാളുകളാണ് ഇദ്ദേഹത്തിന്റെ തമാശ വീഡിയോകൾ യൂട്യൂബിൽ ആസ്വദിക്കുന്നത്.