‘അര്‍ഹരായവരാണ് ഭാരവാഹി പട്ടികയില്‍ ഉള്ളത്’; കെ മുരളീധരന് മുല്ലപ്പള്ളിയുടെ മറുപടി

single-img
27 January 2020

തിരുവനന്തപുരം: കെപിസിസി ഭാരവാഹിപ്പട്ടികയില്‍ സംശയം പ്രകടിപ്പിച്ച കെ മുരളീധരന് മറുപടി നല്‍കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭാരവാഹിപ്പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയെന്നായിരുന്നു മുരളീധരന്റെ നിലപാട്. അര്‍ഹരായവര്‍ മാത്രമാണ് ഭാരവാഹി പട്ടികയില്‍ ഉള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഭാരവാഹി യോഗത്തിന്റെ ആമുഖ പ്രസംഗത്തിലായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി.

മോഹന്‍ശങ്കറും സോനയും അടക്കമുള്ളവര്‍ എങ്ങനെ ലിസ്റ്റില്‍ ഇടം നേടിയെന്നും മുരളീധരന്‍ പരിഹസിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം അവരവരുടേതായ മേഖലകളില്‍ ഉത്തരവാദിത്വവും മികവും കാഴ്ച വച്ചവരാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്താണ് പുതിയ ഭാരവാഹികളുടെ യോഗം വിളിച്ച് ചേര്‍ത്തത്. പുതിയ ഭാരവാഹികള്‍ക്ക് ചുമതല കൈമാറുന്നതിനൊപ്പം പൗരത്വ പ്രതിഷേധത്തിലടക്കം തുടര്‍ സമരങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

മുന്‍ കെപിസിസി അധ്യക്ഷനായിരുന്ന കെ മുരളീധരന്‍ അടക്കമുള്ളവരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല.ഇത് മുല്ലപ്പള്ളിയുടെ വിവേചമാധികാരമാണെന്നും അത് ചോദ്യം ചെയ്യുന്നില്ലെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം.