പാകിസ്താന്റെ ഏഴിരട്ടി വലിപ്പമുള്ള ഇന്ത്യയെ ക്രിക്കറ്റിലും ഹോക്കിയിലും തുടർച്ചയായി തോൽപ്പിച്ചിരുന്നു: ഇമ്രാൻ ഖാൻ

single-img
24 January 2020

പാകിസ്താന് സ്വന്തമായുള്ള ‘കഴിവുറ്റ ജനസമ്പത്ത്’ മറ്റാരേക്കാളും വലിയ സാധ്യതകളാണ് രാജ്യത്തിനു മുന്നിൽ തുറന്നിടുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 1960കളിൽ ലോകത്തെ തന്നെ മുൻനിര രാജ്യമായിരുന്നു പാകിസ്താൻ എങ്കിൽ കൂടി ജനാധിപത്യം ഇവിടെ വേരുപിടിക്കാതെ പോയതാണ് രാജ്യത്തിന് തിരിച്ചടിയായതെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടു.

പാകിസ്താന്റെ ജനസമ്പത്ത് അമൂല്യമാണെന്നു തെളിയിക്കാൻ, തങ്ങളേക്കാൾ ഏഴിരട്ടി വലിപ്പമുള്ള ഇന്ത്യയെ ക്രിക്കറ്റിലും ഹോക്കിയിലും തുടർച്ചയായി തോൽപ്പിച്ചിരുന്ന കാര്യവും ഇമ്രാൻ എടുത്തുപറഞ്ഞു. 1992ൽ നടന്ന ലോകകപ്പിൽ പാകിസ്‌താനെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റൻ കൂടിയാണ് ഇമ്രാൻ ഖാൻ. രാജ്യത്ത് ജനാധിപത്യം പരാജയപ്പെട്ടപ്പോഴെല്ലാം അവിടെ സൈന്യം രംഗപ്രവേശം ചെയ്തു എന്നും സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാനെത്തിയ ഇമ്രാൻ പറഞ്ഞു.

“‘ഇന്ത്യ എന്നത് പാകിസ്ഥാനെക്കാൾ ഏഴിരട്ടി വലിപ്പമുള്ള രാജ്യമാണ്. ഞാൻ കളിക്കുന്ന കാലത്ത് അവരെ സ്ഥിരമായി ഞങ്ങൾ തോൽപ്പിച്ചിരുന്നു. അത് ക്രിക്കറ്റിൽ മാത്രമല്ല, ഹോക്കിയിലും മറ്റ് കായികയിനങ്ങളിലും ഇതുതന്നെ അവസ്ഥ. ഞങ്ങൾ സർവ മേഖലകളിലും മുന്നിലായിരുന്നു’ – ഇമ്രാൻ ചൂണ്ടിക്കാട്ടി.