തായ്‌ലന്‍ഡ് മാസ്റ്റേഴ്‌സ്: ആദ്യ റൗണ്ടില്‍തന്നെ ഇന്ത്യൻ താരങ്ങള്‍ പുറത്ത്

single-img
22 January 2020

ബാങ്കോക്കിൽ നടക്കുന്ന തായ്‌ലന്‍ഡ് മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ ഇന്ത്യയുടെ താരങ്ങള്‍ പുറത്തായി. സൂപ്പർ താരങ്ങളായ സൈന നേവാള്‍, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, സമീര്‍ വര്‍മ എന്നിവരെല്ലാം രണ്ടാം റൗണ്ടിലെത്താതെ പുറത്താവുകയായിരുന്നു. ലോകചാമ്പ്യനായ പിവി സിന്ധു ഉള്‍പ്പെടെയുള്ള മറ്റു കളിക്കാര്‍ ടൂര്‍ണമെന്റിനെത്തിയിരുന്നില്ല.

കൂട്ടമായുള്ള പരാജയത്തോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പോരാട്ടം ആദ്യ റൗണ്ടില്‍ത്തന്നെ അവസാനിച്ചു.
ഇന്ന് നടന്ന മത്സരങ്ങളിൽ മലേഷ്യയുടെ ലീ സി ജിയയോട് തോറ്റ് സമീര്‍ വര്‍മയാണ് തോല്‍വിക്ക് തുടക്കമിട്ടത്. സ്‌കോര്‍: 21-16, 21-15. അതേപോലെ സമീപകാലത്ത് മോശം പ്രകടനം നടത്തുന്ന കെ ശ്രീകാന്ത് ഒരിക്കല്‍ക്കൂടി നിറംമങ്ങി. ഇന്തോനേഷ്യൻ താരമായ ഷെസാല്‍ ഹിറെന്‍ റുസ്താവിറ്റോയാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 12-21, 21-14, 21-11.

ഇന്ത്യയുടെ വനിതാ സിംഗിള്‍സിലെ പ്രതീക്ഷയായിരുന്ന സൈനയും മൂന്ന് ഗെയിമുകള്‍ നീണ്ട മത്സരത്തിലാണ് അടിയറവ് പറഞ്ഞത്. ഡെന്മാര്‍ക്കിന്റെ സൂപ്പർ താരം ലിന്‍ ഹോജ്മാര്‍ക്ക് ആയിരുന്നു എതിരാളി. സ്‌കോര്‍: 21-13, 17-21, 21-15.