ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഗുണ്ടായിസം; സെന്‍കുമാറിനും സുഭാഷ് വാസുവിനുമെതിരെ പരാതി നല്‍കി

single-img
16 January 2020

സംസ്ഥാനത്തെ മുൻ പോലീസ് മേധാവി സെൻകുമാറിനും ബിഡിജെഎസ് സംസ്ഥാന ജഡനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെതിരേയും പരാതിയുമായി മാധ്യമ പ്രവര്‍ത്തകന്‍. ഇന്ന് പ്രസ്‌ക്ലബിലെ വാര്‍ത്താ സമ്മേളനത്തിനിടെ ഇരുവരും കൂടെ കണ്ടാലറിയാവുന്ന പത്ത് പേരും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കടവില്‍ റഷീദാണ് കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കിയത്.

കേരളത്തില്‍ എസ്എന്‍ഡിപിയില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വാര്‍ത്താ സമ്മേളനം നടത്തവെ ടിപി സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകനോട് ക്ഷുഭിതനായിരുന്നു. കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തലയുമായുള്ള തര്‍ക്കത്തെക്കുറിച്ചും സെന്‍കുമാര്‍ പോലീസ് മേധാവി ആയിരുന്നപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു സെന്‍കുമാര്‍ കയര്‍ത്ത് സംസാരിച്ചത്.

ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദിനോട് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോയെന്നും സെന്‍കുമാര്‍ ചോദിക്കുകയും നിങ്ങളുടെ രീതിയും സംസാരവും കണ്ടപ്പോള്‍ മദ്യപിച്ചതുപോലെയാണ് തോന്നുന്നത് എന്നും അയാളെ പിടിച്ച് പുറത്താക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.

അതേസമയം സെന്‍കുമാറിന്റെ നടപടി ഗുണ്ടായിസമാണെന്നും പോലീസ് കേസെടുക്കണമെന്നും കെയുഡബ്യൂജെ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. താന്‍ പറയാന്‍ വന്നതു മാത്രമേ മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കാന്‍ പാടുള്ളൂ എന്ന ശാഠ്യത്തിലൂടെ അധികാരപ്രമത്തതയുടെ നേര്‍ അവകാശിയാണ് താന്‍ എന്ന് സെന്‍കുമാര്‍ തെളിയിക്കുകയാണ്.

ചോദ്യത്തിന് മറുപടി നല്‍കാതിരിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തുന്നയാള്‍ക്കു സ്വാതന്ത്ര്യം ഉണ്ടെങ്കിലും ചോദ്യത്തിന് വിലങ്ങിടാന്‍ ആര്‍ക്കും അധികാരമില്ല. എന്തു പിന്‍ബലത്തിലായാലും ആ അധികാരം വകവെച്ചുകൊടുക്കാന്‍ മാധ്യമ സമൂഹത്തിനു സൗകര്യപ്പെടില്ല എന്നും കെയുഡബ്യൂജെ പത്രക്കുറിപ്പില്‍ പറയുന്നു.