ലൗജിഹാദ്; മലബാര്‍ സീറോ സഭാ സിനഡിന് പിന്തുണയുമായി കുമ്മനം

single-img
15 January 2020

കേരളത്തിൽ ലൗജിഹാദിനെതിരെ വ്യാപകമായി ഉണ്ടാകുന്ന ഗൗരവമേറിയ പരാതികളിന്മേല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന മലബാര്‍ സീറോ സഭാ സിനഡിന്റെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ലൗജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെടുന്നു വെന്നും നിര്‍ബന്ധിത മതം മാറ്റത്തിന് എന്നുമുള്ള സീറോ മലബാര്‍ സഭാ സിനഡിന്റെ ആരോപണം മുഖവിലക്കെടുക്കാതെ മന്ത്രി തോമസ് ഐസക്ക് തള്ളിക്കളഞ്ഞ പിന്നാലെയാണ് കുമ്മനം പിന്തുണയുമായി എത്തിയത്.

അതേപോലെ തന്നെ കേരളത്തിൽ കോണ്‍ഗ്രസ്സ് – സിപിഎം – ജിഹാദി കൂട്ടുകെട്ടാണ് ലൗജിഹാദികള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കുന്നതെന്ന് കുമ്മനം ആരോപിച്ചു. സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലും കോടതികളിലും നൂറുകണക്കിന് പരാതികള്‍ ലൗജിഹാദിനിരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയിട്ടുണ്ട്. സിപിഎം നേതാവായ വി എസ് അച്ചുതാനന്ദന്‍ ലൗജിഹാദ് കേരളത്തില്‍ ശക്തിപ്പെട്ടുവെന്നും അത് തടയണമെന്നും മുമ്പ് വ്യക്തമാക്കിയിരുന്നതാണ്.

എന്നിട്ടും മന്ത്രി തോമസ് ഐസക്ക് ലൗജിഹാദ് കേരളത്തില്‍ ഇല്ലെന്ന് പറയുന്നത് ഒന്നുകില്‍ ഭയം കൊണ്ടോ അല്ലെങ്കില്‍ കുറ്റവാളികളെ രക്ഷപ്പെടുത്താനോ ആണെന്നും കുമ്മനം പറഞ്ഞു. ഇപ്പോഴാവട്ടെ
സീറോ മലബാര്‍ സഭാ സിനഡിന്റെ ഭയാശങ്കകളും പ്രതിഷേധവും സംസ്ഥാന സര്‍ക്കാര്‍ പാടെ അവഗണിക്കുകയാണ്. അടുത്ത കാലത്തായി ജിഹാദി തീവ്രവാദ പ്രസ്ഥാനങ്ങളോട് സ്വീകരിച്ചിട്ടുള്ള മൃദു സമീപനമാണ് അതിന് കാരണം.

മതസൗഹാര്‍ദ്ദവും സാമൂഹിക സമാധാനവും ലൗജിഹാദ് തകര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന സീറോ മലബാര്‍ സഭാ സിനഡിന്റെ അഭിപ്രായം യാഥാര്‍ത്ഥ്യബോധത്തോടുകൂടിയിട്ടുള്ളതാണ്. ലൗ ജിഹാദിനെതിരെ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന സിനഡിന്റെ പരാതി ഗൗരവമേറിയതാണ്. അധികാരികൾ ശക്തമായ നടപടി സ്വീകരിച്ച് ജിഹാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കുമ്മനം രാജശേഖരന്‍ അഭ്യര്‍ത്ഥിച്ചു.