പോലീസ് അകമ്പടിയില്ലാതെ രാജ്യത്തെ സര്‍വകലാശാലകളിലേക്ക് പോകാമോ; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

single-img
13 January 2020

ഇന്ത്യൻ പ്രധാനമന്ത്രിയോട് രാജ്യത്തെ സര്‍വകലാശാലകളിലേക്ക് പോകാൻ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പോലീസിന്റെ സംരക്ഷണമില്ലാതെ രാജ്യത്തെ ഏതെങ്കിലും സര്‍വകലാശാലകളിലേക്ക് പോകാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടര്‍പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു രാഹുല്‍.

“ഞാന്‍ പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുന്നു, പോലീസിന്റെ അകമ്പടിയില്ലാതെ അദ്ദേഹത്തിന് ഏത് സര്‍വകലാശാലയിലും പോകാം. അവിടെയെത്തി വിദ്യാര്‍ത്ഥികളോട് താന്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുവേണ്ടി എന്ത് ചെയ്തുവെന്നും എന്ത് ചെയ്യാന്‍ പോകുന്നുവെന്നും പറയൂ”, എന്നായിരുന്നു രാഹുല്‍ വെല്ലുവിളിച്ചത്.

നമ്മുടെ സര്‍വകലാശാലകളിലെ യുവാക്കളോട് സമ്പദ് വ്യവസ്ഥ ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ടെന്ന് പറയണം. എന്നാല്‍ പ്രധാനമന്ത്രിക്ക് അതിനുള്ള ധൈര്യമില്ല. യുവാക്കള്‍ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം മോദി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. യുവാക്കളുടെ ശബ്ദം യുക്തിസഹമാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക തന്നെ വേണമെന്നും രാഹുല്‍ പറഞ്ഞു.