കൊൽക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വന്‍ പ്രതിഷേധം; കരിങ്കൊടി വീശി

single-img
12 January 2020

ഇന്ന് പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ പോർട്ട് ട്രസ്റ്റിന്റെ ആഘോഷങ്ങളുടെ ഭാഗമായുള്ള ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി നേതാജി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വന്‍ പ്രതിഷേധം. ചടങ്ങുകൾക്കായി പ്രധാനമന്ത്രി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ഒരു സംഘം കോൺഗ്രസ് പ്രവര്‍ത്തകര്‍ “മോദി ഗോ ബാക്ക്” എന്ന് ആക്രോശിക്കുകയുംഅദ്ദേഹത്തെ കരിങ്കൊടി കാണിക്കുകയും ചെയ്തു.

പ്രധാനമന്ത്രി എത്തുന്ന സമയം വേദിയിലെ വിഐപി ഗേറ്റിന് സമീപം തടിച്ചുകൂടിയ കോൺഗ്രസ് പ്രവർത്തകർ വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യമുണ്ടായിട്ടും അതവഗണിച്ച് കൈകളില്‍ കരുതിയ കരിങ്കൊടി വീശുകയായിരുന്നു. തികച്ചും അപ്രതീക്ഷിത പ്രതിഷേധമാണ് നടന്നതെന്നും പോലീസ് നടപടിയെടുക്കുകയും പ്രതിഷേധം തടയാൻ ശ്രമിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

അതേസമയം പോലീസിന്റെ പ്രതിരോധം ഭേദിച്ച് പ്രതിഷേധക്കാർ ആക്രമണോത്സുകരായി ബാരിക്കേഡ് മറികടന്ന് സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ചത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. ഇവരിൽ ചിലരെ കസ്റ്റഡിയിലെടുത്ത പോലീസ്, ഇവരെ ലാൽബസാറിലുള്ള സിറ്റി പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍.