കലാപത്തിനാഹ്വാനം ചെയ്ത് പ്രസംഗം; മധ്യപ്രദേശില്‍ ബിജെപി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 350 പേര്‍ക്കെതിരെ കേസ്

single-img
5 January 2020

അനുമതി ലഭിക്കാതെ യോഗം ചേരല്‍, കലാപത്തിനാഹ്വാനം ചെയ്ത് പ്രകോപനപരമായി പ്രസംഗിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ ഉള്‍പ്പെടെ 350 പേര്‍ക്കെതിരെ മധ്യപ്രദേശ് സർക്കാർ കേസെടുത്തു.

ബിജെപി പ്രവർത്തകർ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്‍ഡോറില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ‘ആര്‍എസ്എസിന്റെ നേതാക്കള്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇന്‍ഡോറിന് തീവെച്ചേനെ’ എന്നായിരുന്നു വിജയ് വര്‍ഗീയയുടെ പ്രസംഗം.

വിവാദമായ ഈ പ്രസംഗത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൈലാഷ് വിജയ് വര്‍ഗീയയ്ക്കും 350 പേര്‍ക്കുമെതിരെ കേസെടുത്തതെന്ന് സന്യോഗിതാംഗംജ് പോലീസ് ഇന്‍സ്‌പെക്ടര്‍ നരേന്ദ്രസിംഗ് രഘുവംശി അറിയിച്ചു.