ജെഎൻയു അക്രമം; രാത്രിതന്നെ ദില്ലി പോലീസ് ആസ്ഥാനം വളയാൻ ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ ആഹ്വാനം

single-img
5 January 2020

ഇന്ന് ജെഎന്‍യുവില്‍ നടന്ന സംഘടിത ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് കോൺഗ്രസ് , സിപിഎം പാര്‍ട്ടികള്‍ രംഗത്തെത്തി.. ഇപ്പോഴും 50ഓളം അക്രമികൾ ഇപ്പോഴും സര്‍വകലാശാലയുടെ ഉള്ളില്‍ റോന്ത് ചുറ്റുകയാണെന്നും ഇവരെ തടയാനോ തങ്ങളെ സഹായിക്കാനോ പോലീസ് ശ്രമിച്ചില്ലെന്നും വിദ്യാര്‍ത്ഥികൾ ആരോപിച്ചു. ജെഎന്‍യുവില്‍ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് ദില്ലി പോലീസ് ആസ്ഥാനം വളയാൻ ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു. ഇവര്‍ ഇന്ന് രാത്രി തന്നെ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യാനാണ് സാധ്യത.

അതേസമയം സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമാണെന്ന കാര്യമാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി ആരോപിച്ചു. ഭരണത്തിലുള്ളവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമമാണിതെന്നും ജെഎൻയു എക്കാലവും ഹിന്ദുത്വ രാഷ്ട്രീയത്തിന് നേരെ തീര്‍ക്കുന്ന പ്രതിരോധമാണ് അതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

ഇതിന് സമാനമായി മോദി സര്‍ക്കാരിന് ജെഎൻയുവിനോടുള്ള ശത്രുത പ്രശസ്തമാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. എബിവിപിയുടെ ഗുണ്ടാസംഘം ക്യാംപസിനകത്ത് അക്രമം അഴിച്ചുവിട്ടപ്പോൾ ഗേറ്റിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നു ദില്ലി പോലീസെന്ന് കോൺഗ്രസ് ആരോപിച്ചു.

സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തില്‍ വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. ഇതില്‍ ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.