ബിജെപി നേതാവ് കുമ്മനത്തിനെന്ന പേരില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് മുങ്ങി; ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

single-img
4 January 2020

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനത്തിന്റെ പേരില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് മുങ്ങിയ കേസില്‍ ആര്‍എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കല്ലമ്പിള്ളി സ്വദേശി അനുവിനെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ആര്‍.എസ്.എസിന്റെ കഴക്കൂട്ടം പ്രചാര്‍ പ്രമുഖനായിരുന്നു അനു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന കുമ്മനം രാജശേഖരന്റെ വാഹന പ്രചാരണത്തിന്റെ ചുമതല തനിക്കാണെന്നായിരുന്നു അനു പറഞ്ഞ് നടന്നിരുന്നു. ഇതിന്റെ പേരില്‍ ബിജെപി അനുഭാവികളും അല്ലാത്തവരുമായ പലരില്‍ നിന്ന് വാഹനങ്ങള്‍ വാങ്ങി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തിരികെ നല്‍കാമെന്ന പേരിലായിരുന്നു വാഹനം വാങ്ങിയിരുന്നത്. എന്നാല്‍ വാഹനവുമായി കോയമ്പത്തൂരിലേക്ക് കടന്ന അനു അവിടെ വില്‍ക്കുകയും വാടകയ്ക്ക് നല്‍കുകയുമായിരുന്നു.

അനുവിനെതിരെ പരാതി ലഭിച്ചതോടെ പൊലീസ് നിരീക്ഷണം തുടങ്ങിയിരുന്നു. കോയമ്പത്തൂരില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയതോടെയാണ് പിടികൂടിയത്. 2018ല്‍ സിപിഎം ഇടവക്കോട് ലോക്കല്‍ സെക്രട്ടറി സാജുവിനെ കൊല്ലാന്‍ ശ്രമിച്ച കേസിലും അനു പ്രതിയാണ്.