യുപി പോലീസ് കാഴ്ച വെക്കുന്നത് മികച്ച പ്രവർത്തനം; പൊതുമുതൽ സംരക്ഷിക്കേണ്ടത് പൗരന്മാരുടെ ഉത്തരവാദിത്വമെന്ന് പ്രധാനമന്ത്രി

single-img
25 December 2019

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ രാജ്യമാകെയുള്ള ആഴ്ചകളായി നടക്കുന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെ പൊതു സ്വത്ത് നശിപ്പിക്കപ്പെട്ട സംഭവങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. രാജ്യത്തിന്റെ പൊതുമുതൽ നശിപ്പിച്ചു എന്ന ആരോപണത്തിന് വിധേയരായവരുടെ പ്രവർത്തനങ്ങൾ “നല്ലതാണോ അല്ലയോ” എന്ന് ആത്മപരിശോധന നടത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

“യുപിയിൽ അക്രമത്തിൽ ഏർപ്പെട്ട ആളുകളോട് വീട്ടിൽ ഇരിക്കാനും അവർ ചെയ്തത് നല്ലതാണോ എന്ന് സ്വയം ചോദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ജനങ്ങൾ ബസുകളും പൊതു സ്വത്തുക്കളും നശിപ്പിച്ചു .അവർ ചെയ്തത് അവരവരുടെ മക്കൾക്ക് തന്നെ ഉപയോഗപ്രദമാകേണ്ട സ്വത്തുക്കളാണ് നശിപ്പിച്ചത്,” ഇന്ന് നടന്ന ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ മോദി പറഞ്ഞു.

അതേപോലെ തന്നെ ഇന്ത്യയിൽ എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷത്തിന് അർഹതയുണ്ടെന്ന് ഓർമ്മിക്കണമെന്ന് പ്രധാനമന്ത്രി പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. “ഇത്തരത്തിൽ സുരക്ഷിതമായ അന്തരീക്ഷം ലഭിക്കുക എന്നത് നമ്മുടെ അവകാശമാണ്, അതേപോലെ തന്നെ നമ്മുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ക്രമസമാധാന യന്ത്രങ്ങളെ ബഹുമാനിക്കേണ്ടത് തികച്ചും കടമയാണ്,” അദ്ദേഹം പറഞ്ഞു. യുപിയിലെ പോലീസ് മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.