ദേശീയ ജനസംഖ്യാ രജിസ്റ്ററിനും സെന്‍സസ് നടപടികള്‍ക്കും കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം

single-img
24 December 2019

രാജ്യത്തെ ജനസംഖ്യാ രജിസ്റ്ററിനും 2021ൽ ആരംഭിക്കേണ്ട സെന്‍സസ് നടപടികള്‍ക്കും കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇവയ്ക്കായി മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സെൻസസിനായി ജനങ്ങള്‍ രേഖകളോ ബയോ മെട്രിക് വിവരങ്ങളോ നല്‍കേണ്ടതില്ല. രാജ്യത്തെ ജനങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ കേന്ദ്രത്തിന് പൂര്‍ണവിശ്വാസമുണ്ട്. മാത്രമല്ല, എൻപിആറും പൗരത്വ രജിസ്റ്ററും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും എൻപിആറും സെൻസസ് നടപടിയും അംഗീകരിച്ചതാണെന്നും ഇപ്പോൾ
ചില സംസ്ഥാനങ്ങള്‍ എന്‍പിആര്‍ നടപടികള്‍ ചൂണ്ടിക്കാട്ടിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയാണ് രാജ്യവ്യാപകമായി സെന്‍സസ്-എന്‍പിആര്‍ കണക്കെടുപ്പ് നടക്കുക. 2021-ലായിരിക്കും സെന്‍സസ് അന്തിമപ്പട്ടിക പുറത്തു വിടുക. ഇവ പൂർത്തീകരിക്കാൻ 8754 കോടി, 3941 കോടി എന്നിങ്ങിനെ കേന്ദ്രമന്ത്രിസഭായോഗം വകയിരുത്തി.

അതേപോലെ തന്നെ വിവിധ സേനാവിഭാഗങ്ങളുടെ ഏകോപനത്തിനായി പ്രതിരോധ സേനാ തലവനെ നിയമിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയതായി ഫോര്‍സ്റ്റാര്‍ ജനറലായിട്ടാവും തലവനെ നിയമിക്കുക. ഇതോടൊപ്പം കേന്ദ്ര മന്ത്രിസഭയിൽ സൈനികകാര്യ വകുപ്പ് രൂപീകരിക്കാനും തീരുമാനിച്ചു.

സൈന്യത്തിലെ പ്രതിരോധസേനാ തലവൻ തന്നെ ഈ വകുപ്പിൻറെയും ചുമതല വഹിക്കും. കര/നാവിക/വ്യോമസേനാ മേധാവിമാരില്‍ ഒരാളാവും ഈ പദവിയില്‍ എത്തുക.