ഇന്ത്യയില്‍ ഇതുവരെ പട്ടാള ഭരണം ഉണ്ടായില്ല എന്നത് ഒരു യാദൄശ്ചികതയല്ല; അത് വളരെ സൂക്ഷ്മമായി ഡിസൈൻ ചെയ്ത് ഉണ്ടാക്കിയതാണ്

single-img
24 December 2019

രഞ്ജിത്ത് ആന്റണി

ജനറൽ കരിയപ്പ. സ്വതന്ത്ര ഇൻഡ്യയുടെ ആദ്യ കമാൻഡർ ഇൻ ചീഫ് ആയിരുന്നു. ഇൻഡ്യൻ പട്ടാളത്തിൽ രണ്ടേ രണ്ട് ഫൈവ് സ്റ്റാർ ജനറൽമ്മാരെ ഉണ്ടായിട്ടുള്ളു. കരിയപ്പയാണ് ഒന്ന്. മുപ്പത് വർഷം നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിൽ ഒരിക്കൽ പോലും രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ല. രാഷ്ട്രീയം വിഷമാണ്, അതിൽ നിന്ന് അകന്നു നിൽക്കു എന്നാണ് ജനറൽ കരിയപ്പ സർവ്വീസിലുടനീളം ആഹ്വാനം ചെയ്തിരുന്നത്.

1953 ൽ കരിയപ്പ റിട്ടയർ ചെയ്തു. അതിനു ശേഷം രാഷ്ട്രീയക്കാരനായ കരിയപ്പയുടെ ഒരു മുഖവും ഇൻഡ്യ കണ്ടു. 1971 ൽ അദ്ദേഹം ഇലക്ഷനു നിൽക്കുകയും ചെയ്തു. മൂപ്പരുടെ പല രാഷ്ട്രീയ നിലപാടുകളും ഞെട്ടലോടെയാണ് ഇൻഡ്യ കേട്ടത്. യൂണിവേഴ്സൽ സഫറജ്ജ് (എല്ലാവർക്കും വോട്ടവകാശം) നിർത്തലാക്കി ഫ്രാഞ്ചൈസി സംവിധാനം നടപ്പാക്കണം തുടങ്ങി അടുത്തകാലത്ത് സുബ്രഹ്മണ്യ സ്വാമി പറഞ്ഞ പോലുള്ള അനേകം യാതാസ്ഥിഥിക രാഷ്ട്രീയ നിലപാടുകൾ കരിയപ്പ നടത്തി.

ഓർക്കണം, ഇത്തരം യാതാസ്ഥിഥിക നിലപാടുകൾ ഉള്ള ഒരു ജനറലാണ് സ്വാതന്ത്ര്യം ലഭിച്ച് ശൈശവ ദിശയിൽ നിന്നിരുന്ന ഒരു രാജ്യത്തിന്റെ പട്ടാള മേധാവി. ബ്രിട്ടീഷിൽ നിന്ന് ആ കാലഘട്ടത്തിൽ സ്വാതന്ത്ര്യം നേടിയ മിക്ക ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളും ജനാധിപത്യത്തിന്റെ രുചി അറിയുന്നതിനു മുന്നെ പട്ടാള ഭരണത്തിലേയ്ക്ക് വഴുതി വീണു. കാനഡ, ഓസ്ട്രേലിയ തുടങ്ങി വംശീയമായ വലിയ വത്യാസമില്ലാത്ത രാജ്യങ്ങൾമാത്രമെ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ജനാധിപത്യത്തിൽ തുടർന്നുള്ളു. മറ്റേത് ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിലെ പട്ടാളത്തിന്റെ ഘടനയിൽ നിന്ന് വലിയ വത്യാസമില്ലായിരുന്നു അന്നത്തെ ഇൻഡ്യൻ പട്ടാളത്തിന്. എന്നിട്ടും ഒരിക്കൽ പോലും ഒരു പട്ടാള അട്ടിമറി ഇൻഡ്യയിൽ ഉണ്ടായിട്ടില്ല.

ഇതിനു കാരണം അന്വേഷിച്ചു ചെന്നാൽ എത്തി നിൽക്കുന്നത് ഒരാളിലാണ്. ജവഹർലാൽ നെഹ്രു. സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നെ തന്നെ നെഹ്രു പണി തുടങ്ങിയിരുന്നു. 1946 ൽ പ്രീ ഇൻഡിപ്പെൻഡൻസ് ക്യാബിനെറ്റിലെ വിദേശകാര്യ മന്ത്രിയായി സ്ഥാനം ഏറ്റെടുത്ത നെഹ്രു അന്നത്തെ ഡിഫൻസ് സെക്രട്ടറിക്ക് ഒരു കത്തയച്ചു. തൻറെ ഭാവനയിലെ പട്ടാളം എങ്ങനെ ഇരിക്കണം എന്നതിനെ കുറിച്ചു. സ്വാതന്ത്രാനന്തരം നെഹ്രുവിനൊപ്പം സർദ്ദാർ പട്ടേലും, വി.കെ കൄഷ്ണമെനോനും ചേർന്നതോടെ ജനാധിപത്യത്തിലെ പട്ടാളം എങ്ങനെയാകണം എന്നതിന്റെ പ്രാക്ടിക്കൽ ഇംപ്ലിമെന്റേഷൻ ഈ ത്രിമൂർത്തികൾ ചേർന്ന് നടപ്പാക്കി. Nehru’s Evil Genius എന്ന പേരിൽ അറിയപ്പെടുന്ന വി.കെ കൄഷ്ണമെനോൻ ആണ് പട്ടാളത്തിന്റെ മോധണൈസേഷന്റെ ഉപജ്ഞാതാവായി ഇന്ന് അറിയപ്പെടുന്നത്.

ഇവർ ആദ്യം ചെയ്തത്, കമാൻഡർ ഇൻ ചീഫ് എന്ന പദവി തരം താഴ്ത്തുകയാണ്. ഡിഫൻസ് സെക്രട്ടറി (ഇന്നത്തെ ഡിഫൻസ് മന്ത്രി) ക്ക് മുകളിൽ ക്യാബിനറ്റ് പദവിയുള്ള റാങ്ക് ആയിരുന്നു പട്ടാള മേധാവിയുടേത്. കമാൻഡർ ഇൻ ചീഫിനെ ക്യാബിനറ്റിൽ നിന്ന് ആദ്യം വെളിയിൽ കളഞ്ഞു. ഡിഫൻസ് സെക്രട്ടറിക്ക് കീഴിലാക്കി. പിന്നെ കമാൻഡർ ഇൻ ചീഫ് എന്ന സ്ഥാനമേ എടുത്തു കളഞ്ഞു. പട്ടാള മേധാവിയായ ജനറലിനെ നേവിക്കും, എയർഫോഴ്സിന്റെയും മേധാവികൾക്കൊപ്പമുള്ള ഒരു റാങ്ക് ആയി ചുരുക്കി.

അടുത്തപടി പട്ടാള റിക്രൂട്ട്മെന്റുകൾ പരിഷ്കരിക്കുക എന്നതായിരുന്നു. ബ്രിട്ടീഷ് ആർമ്മിയിലെ 60% പേരും പഞ്ചാബ്, പുഞ്ച് മേഖലയിൽ നിന്നായിരുന്നു. മാർഷ്യൽ ഗ്രൂപ്പുകളിൽ നിന്നായിരുന്നു അത് വരെ റിക്രൂട്ടമെന്റ് മുഴുവൻ. ഗൂർക്ക, രജപുത്രർ, ഡോഗ്രകൾ, പഠാണികൾ എന്നീ മാർഷ്യൻ ഗ്രൂപ്പിൽ പെട്ടവരായിരുന്നു പട്ടാളക്കാർ. പട്ടാള റിക്രൂട്മെന്റ് രാജവ്യാപകമാക്കുകയായിരുന്നു പരിഷ്കാരം. പട്ടാളത്തിലെ റെജിമെന്റുകളും അഴിച്ചു പണിതു. ഒരേ റെജിമെന്റിലെ വിവിധ കമ്പനികൾ പല മാർഷ്യൻ ഗ്രൂപ്പിൽ നിന്നുൾപ്പെടുത്തുന്ന രീതിയാക്കി.

തലസ്ഥാനമായ ഡെൽഹിയുടെ സംരക്ഷണം പട്ടാളത്തിൽ നിന്ന് എടുത്തു മാറ്റുക ആയിരുന്നു അടുത്ത പരിഷ്കാരം. സി.ആർ.പി.എഫ്, ബി.എസ്.എഫ് തുടങ്ങി അർദ്ധ സൈനീക വിഭാഗങ്ങളാണ് ഡെൽഹിയുടെ സംരക്ഷണം. പ്രധാനമന്ത്രി പ്രസിഡന്റ് തുടങ്ങിയവരുടെ സംരക്ഷണം ഏറ്റെടുത്ത എൻ.എസ്.ജി പോലും വിവിധ സൈനീക അർദ്ധ സൈനീക വിഭാഗങ്ങളിൽ നിന്നാക്കി. ഒരേ റെജിമെന്റിലെ എല്ലാ കമ്പനികളും അടുത്തടുത്ത് ക്യാമ്പ് ചെയ്യില്ലെന്ന് ഉറപ്പു വരുത്തി. കമ്പനികളെ ഒരേ സ്ഥലത്ത് വിന്യസിപ്പിക്കാതെ ഇൻഡ്യയുടെ പല സ്ഥലത്താക്കി നിർത്തി.

ഇത് കൂടാതെ വളരെ സൂക്ഷ്മമായ കാര്യങ്ങളിൽ പോലും നെഹ്രുവിന്റെയും കൄഷ്ണമേനോന്റെയും ശ്രദ്ധ പതിഞ്ഞിരുന്നു. പബ്ലിക്കായി പട്ടാള യൂണിഫോം ധരിക്കുന്നതിനുള്ള പ്രോട്ടോക്കോൾ തൊട്ട്, റിട്ടയർ ചെയ്യുന്ന ജനറൽമ്മാരുടെ ഭാവി കരീർ വരെ അതിൽ പെടും. റിട്ടയർ ആകുന്ന ജനറൽമ്മാരെ ഉടനെ തന്നെ വല്ലൊ അമ്പാസിഡറോ, ഹൈക്കമ്മീഷണറോ ആക്കി നാടു കടത്തുന്ന കീഴ്വഴക്കം വരെ അങ്ങനെ തുടങ്ങിയതാണ്. അതും കഴിഞ്ഞ് വാർദ്ധക്യത്തിൽ വിശ്രമത്തിനായി അവർ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ ഡെൽഹിയിൽ നിന്ന് പരമാവധി അകലെ ഊട്ടിയിലൊ, കൊടൈയ്ക്കനാലിലൊ ഒക്കെ ആക്കിയതും ഈ സ്ട്രാറ്റജിയുടെ ഭാഗമാണ്. റിട്ടയർ ചെയ്ത ജനറൽമ്മാർ റോ നിരീക്ഷണത്തിലാണെന്നത് പരസ്യമായ ഒരു രഹസ്യമാണ്. എന്തിനേറെ, ആർമ്മി, നേവി, ചീഫ് എന്ന സ്ഥാപനങ്ങളുടെ മേധാവികളെ നിശ്ചയിക്കുന്നത് മിക്കപ്പോഴും പട്ടാളത്തിലെ മൈനോറിറ്റി ഗ്രൂപ്പുകളിൽ നിന്നാണ്. ഇന്ന് പോലും, പട്ടാളത്തിലെ മൄഗീയ ഭൂരിപക്ഷമായ പഞ്ചാബിൽ നിന്ന് ഇത് വരെ രണ്ട് പട്ടാള ജനറലെ ഉണ്ടായിട്ടുള്ളു. അതും ആദ്യ സിഖ് ജനറൽ ഉണ്ടായത് 2005 ൽ (ജെ.ജെ.സിങ്), പിന്നെ ബിക്രം സിങ് (2012 ൽ)

പറഞ്ഞ് വന്നത്, പട്ടാള ഭരണം ഉണ്ടായില്ല എന്നത് ഒരു യാദൄശ്ചികതയല്ല. അത് വളരെ സൂക്ഷ്മമായി ഡിസൈൻ ചെയ്ത് ഉണ്ടാക്കിയതാണ്. പ്യു റിസർച്ച് അഞ്ചിൽ നാലു ഇൻഡ്യക്കാർ പട്ടാളഭരണമൊ, ഏകാധിപത്യ ഭരണമൊ വരണമെന്ന് ആഗ്രഹിക്കുന്നു എന്ന സർവ്വേ വെളിയിൽ വന്നു. അവരൊക്കെ നിരാശപ്പെടേണ്ടി വരും. ഇൻഡ്യൻ പട്ടാളം ബൈ ഡിസൈൻ അട്ടിമറി പ്രൂഫാണ്. ഇൻഡ്യയുടെ സുരക്ഷ ഉപദേശകൻ അജിത് ഡോവൽ പട്ടാള കാര്യത്തിൽ ഉപദേശം നൽകി കുളമാക്കിയില്ലെങ്കിൽ ഇതിങ്ങനെ ഒക്കെ തന്നെ തുടരും. പിന്നെ 60 കൊല്ലം ഭരിച്ചിട്ട് കോണ്ഗ്രസ് എന്തു ചെയ്തു എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരവും ഇതിലുണ്ട്. ഇൻഡ്യയ്ക്ക് ഒരു ജനാധിപത്യം എന്ന മഹനീയമായ ആശയം സൂക്ഷ്മമായി, ശ്രദ്ധയോടെ നടപ്പാക്കി കാണിച്ചു തന്നു എന്നാണുത്തരം. എന്തൊക്കെ കളിച്ചിട്ടും കഴിഞ്ഞ മൂന്ന് കൊല്ലം കൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിൽ ഒന്നു പോലും ഇളക്കാൻ സാധിച്ചില്ലെന്നത് അത് നിർമ്മിച്ച അടിത്തറ എത്ര ദൄഢമാണെന്നതിന്റെ തെളിവാണ്.