ഇന്ത്യയിലെ പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടാന്‍ അതിര്‍ത്തിയില്‍ യുദ്ധവുമായി വന്നാല്‍ ശക്തമായ മറുപടി നല്‍കും: ഇമ്രാന്‍ ഖാന്‍

single-img
21 December 2019

ഇന്ത്യയിൽ നടക്കുന്ന പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ തുടർന്ന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഇടപെടൽ ആവശ്യപ്പെട്ടതിന് പിന്നാലെ വീണ്ടും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻഖാന്‍. ഇന്ത്യൻ സർക്കാർ രാജ്യത്തെ പ്രതിഷേധങ്ങള്‍ വഴിതിരിച്ചുവിടാനായി അതിര്‍ത്തിയില്‍ യുദ്ധജ്വരവുമായി വന്നാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഇമ്രാന്‍ ട്വീറ്റ് ചെയ്തു.

വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇമ്രാന്‍ ഇക്കുറിയും ട്വീറ്റ് ചെയ്തിരിക്കുന്നത്. രൂക്ഷമായ ആഭ്യന്തര കലാപങ്ങളിൽ നിന്നും ശ്രദ്ധമാറ്റാനായി ഇന്ത്യ അതിര്‍ത്തിയില്‍ സൈനിക നീക്കം നടത്താനുള്ള സാധ്യതയുണ്ടെന്നും ഹിന്ദു ദേശീയതയെ ഉണര്‍ത്താന്‍ വേണ്ടിയാകുമിതെന്നും ഇമ്രാന്‍ എഴുതുന്നു.

ആരീതിയിൽ യുദ്ധജ്വരം ഉണ്ടായാല്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ പാക്കിസ്ഥാന്‍ ശക്തമായ മറുപടി തന്നെ നല്‍കുമെന്നും പാക്ക് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ ഏത് നിമിഷവും മോശമാകാമെന്ന് ഇന്ത്യന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് ചൂണ്ടികാണിച്ചിരുന്നു.