ജാമിയ മില്ലിയ സര്‍വകലാശാലയിലെ പൊലീസ് അക്രമം; പ്രതിഷേധം രാജ്യവ്യാപകമാകുന്നു

single-img
16 December 2019

ഡല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അതിക്രമത്തെ തുടര്‍ന്ന് പ്രതിഷേധം രാജ്യവ്യാപകമാകുന്നു. വിവിധയിടങ്ങളില്‍ പ്രക്ഷോഭവുമായി വിദ്യാര്‍ഥി യുവജന സംഘടനകളാണ് രംഗത്തെത്തിയത്. അലിഗഡ് സര്‍വകലാശാല യിലെ പൊലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അലിഗഡ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അലിഗഡില്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി.

ജാമിഅ മില്ലിയയില്‍ ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പോലിസ് സര്‍വകലാശാല കാംപസിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭകാരികളെ പിടികൂടാന്‍ എന്ന വ്യാജേനയായിരുന്നു അക്രമം. സര്‍വകലാശാലകളുടെ സെന്റര്‍ കാന്റീനിലും ലൈബ്രറിയിലുമടക്കം പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. രാത്രി വൈകിയും പോലിസ് നടപടി തുടര്‍ന്നു.പൊലീസിനെ ഭയന്നോടിയ വിദ്യാര്‍ഥികള്‍ ക്യാംപസില്‍ കുടുങ്ങി.പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളെയും പോലിസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇന്ന് പുലര്‍ച്ചെ വിട്ടയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യു വിദ്യാര്‍ഥികള്‍ ഡല്‍ഹി പോലിസ് ആസ്ഥാനത്തെത്തി പ്രതിഷേധിച്ചു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍, ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികള്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. ഹൈദരാബാദിലെ മൌലാന ആസാദ് ഉറുദു സര്‍വകലാശാലയിലെയും ബനാറസ് ഹിന്ദു സര്‍വകലാശാലയിലെയും വിദ്യാര്‍ഥികള്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.