സദാചാര ഗുണ്ടായിസം നടത്തിയ പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറിയെ പിന്തുണച്ച വി മുരളീധരനെ തടഞ്ഞ് വനിതാ മാധ്യമപ്രവര്‍ത്തകര്‍

single-img
14 December 2019

തലസ്ഥാന നഗരിയില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം നടത്തിയ തിരുവനന്തപുരം പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണച്ച കേന്ദ്രമന്ത്രി വി മുരളീധരനെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തടഞ്ഞ് വെച്ചു.

തൃശൂരില്‍ നടക്കുന്ന കേരളാ വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിലായിരുന്നു മുരളീധരന്‍ രാധാകൃഷ്ണനെ പിന്തുണച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. അദ്ദേഹത്തിന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നും മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു.

അതേപോലെ തന്നെ ചിലര്‍ ചെയ്യുമ്പോള്‍ തെറ്റും ചിലര്‍ ചെയ്യുമ്പോള്‍ ശരിയും ആകരുതെന്നും നിഷ്പക്ഷത വേണമെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ, പ്രസ്താവനയ്ക്ക് ശേഷം വേദിയില്‍ നിന്നിറങ്ങിയ ഉടന്‍തന്നെ മന്ത്രിയെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

ആക്രമണത്തിന് ഇരയായ സ്ത്രീയെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രി സംസാരിച്ചതെന്ന്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടര്‍ന്ന് മന്ത്രി പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.