‘കഞ്ചാവ് വലിക്കുന്ന മേരിയും ഗേ ആയ യേശുവും’; നെറ്റ്ഫ്‌ളിക്സിന്റെ ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫിലിമിനെതിരെ പ്രതിഷേധം

single-img
14 December 2019

യേശുക്രിസ്തുവിനെ ഗേ ആയും മാതാവായ മേരിയെ സ്ഥിരം കഞ്ചാവ് വലിക്കുന്ന വ്യക്തിയായും കാണിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫിലിമിനെതിരെ പ്രതിഷേധം ഉയരുന്നു. ബ്രസീലില്‍ നിന്നും പ്രവർത്തിക്കുന്ന യൂട്യൂബ് കോമഡി ഗ്രൂപ്പ് ആണ് ഫിലിം ചെയ്തിരിക്കുന്നത്.

‘ദ ഫസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന് പേരുള്ള ഈ ഫിലിമെതിരെ ഇതുവരെ ബ്രസിലിലെ 14 ലക്ഷത്തോളം ക്രിസ്തീയ വിശ്വാസികള്‍ ഒപ്പിട്ട പരാതി നെറ്റ്ഫ്‌ളിക്‌സിന് കൈമാറി. മുക്കാൽ മണിക്കൂർ ദൈർഘ്യം വരുന്ന ചിത്രം ഡിസംബര്‍ 3നാണ് റിലീസ് ചെയ്തത്.

യേശുവിന്റെ ഒരു ജന്മദിനത്തില്‍ മാതാപിതാക്കളായ മേരിയുടേയും ജോസഫിന്റെയും വീട്ടില്‍ ഓര്‍ലാന്‍ഡോ എന്ന സുഹൃത്ത് വരികയും ഇവിടെ വെച്ച് ഓര്‍ലാന്‍ഡോയുമായുള്ള യേശുവിന്റെ ബന്ധം സൗഹൃദത്തിന് അപ്പുറത്തുള്ള ഒന്നായി മാറുന്നതുമാണ് ഫിലിമില്‍ കാണിക്കുന്നത്.

ഇതാദ്യമായല്ല, ഈ നിർമ്മാതാക്കളുടെ ഗ്രൂപ്പ് വിവാദത്തില്‍ അകപ്പെടുന്നത്. ‘ദ ലാസ്റ്റ് ഗാംഗ്ഓവര്‍’ എന്ന ഫിലിമിൽ അവസാന അത്താഴത്തിന് മുമ്പുള്ള യേശുവിന്റെ ജീവിതമായിരുന്നു ഇവർ പറഞ്ഞത്. ഇതും വിവാദമായിരുന്നു.