ശബരിമല യുവതീപ്രവേശനം: ബിന്ദുവിന്റെയും രഹനയുടേയും ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

single-img
13 December 2019

ഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ദര്‍ശനം നടത്തണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹന ഫാത്തിമയും സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിക്കുക.

യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‌ദേശം നല്‍കുവാനാണ് ബിന്ദു അമ്മിണി കോടതിയെ സമീപിച്ചത്. എന്നാല്‍ ശബരിമല ദര്‍ശനത്തിന് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹനയുടെ ഹര്‍ജി.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. ശബരിമല വിഷയം വിശാല ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ 2018 ലെ വിധി അവസാനവാക്കല്ല എന്ന് കഴിഞ്ഞ ആഴ്ച ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തിയിരുന്നു.  വിശാല ബെഞ്ചിന്‍റെ തീരുമാനം വരുന്നതിന് മുമ്പ്‌ 2018 ലെ വിധി നടപ്പാക്കേണ്ടതുണ്ടോ എന്നതില്‍ ഇന്ന് സുപ്രീം കോടതി വ്യക്തത വരുത്തിയേക്കും