എന്റെ അനുഭവങ്ങളല്ല, മറിച്ച് ഒരു ജനതയുടെ അനുഭവങ്ങളാണ് എന്റെ സിനിമകളിലുള്ളത്; അഭിമുഖം: നാഗരാജ് മഞ്ജുളെ

single-img
12 December 2019

ഫാൻഡ്രി എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച സംവിധായകരുടെ നിരയിൽ കസേര വലിച്ചിട്ടിരുന്ന ചലച്ചിത്രകാരനാണ് നാഗരാജ് മഞ്ജുളെ. 2013-ലെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്കാരം ഈ മറാഠി സംവിധായകന് ലഭിച്ചു. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലെ ദളിത് ജീവിതങ്ങളാണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും നമുക്ക് കാണാൻ സാധിക്കുന്നത്. ദുരഭിമാനക്കൊല പ്രമേയമാക്കിയ സൈറാത് എന്ന ചിത്രം മറാഠി ഭാഷയിലെ എക്കാലത്തെയും മികച്ച സാമ്പത്തിക വിജയവും നേടിയിരുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജൂറിയായാണ് അദ്ദേഹം ഇത്തവണ തിരുവനന്തപുരത്തെത്തിയിരിക്കുന്നത്.

2013-ൽ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഫാൻഡ്രി എന്ന ചിത്രം സംവിധാനം ചെയ്ത പുതുമുഖ സംവിധായകനായിട്ടായിരുന്നു താങ്കൾ കേരളത്തിൽ വന്നത്. ഇപ്പോൾ ആറുവർഷങ്ങൾക്ക് ശേഷം അതേ മേളയിൽ ജൂറിയായി വരുമ്പോൾ എന്ത് തോന്നുന്നു?

സന്തോഷമുണ്ട്. ഇതൊരു നല്ല അനുഭവം തന്നെയാണ്. ദിവസം മൂന്ന് ചിത്രങ്ങൾ കാണാൻ കഴിയുന്നുണ്ട്. നിരവധി ലോകസിനിമകൾ കാണാൻ കഴിയുന്നു. ഈ സിനിമകളുടെയൊക്കെ ജൂറിയാകുക എന്നത് സന്തോഷമുള്ള കാര്യമാണ്.

താങ്കളുടെ സിനിമകൾ താഴേക്കിടയിലുള്ളവരുടേയും അടിച്ചമർത്തപ്പെട്ടവരുടെയും ജീവിതാനുഭവങ്ങൾ പച്ചയായി ആവിഷ്കരിക്കുന്നവയാണ്. സ്വജീവിതാനുഭവങ്ങൾ സ്വാധീനിച്ചിട്ടുണ്ടോ?

അതെന്റെ മാത്രം ജീവിതാനുഭവങ്ങളല്ല. പാർശ്വവൽക്കരിക്കപ്പെട്ട ഒരുകൂട്ടം ജനങ്ങളുടെ അനുഭവങ്ങളും പോരാട്ടവുമാണ്. എന്റെ അനുഭവങ്ങളെ ചിത്രീകരിക്കാൻ ആണ് ഞാൻ ശ്രമിച്ചത്. പക്ഷേ എനിക്ക് പിന്നീട് മനസിലായത്, അത് ഒരു ജനതയുടെ മുഴുവൻ അനുഭവങ്ങളാണ് എന്നാണ്.

നിങ്ങൾ സംവിധാനം ചെയ്ത ‘സൈറാത്’ ഒരു വലിയ സാമൂഹിക വിഷയത്തെ ചിത്രീകരിക്കുന്ന കലാമൂല്യമുള്ള സിനിമയായിരുന്നു. അതേസമയം ഒരു ഫെസ്റ്റിവൽ മൂവി എന്നതിനപ്പുറത്തേയ്ക്ക് മറാഠി ഭാഷയിലെ എക്കാലത്തെയും മികച്ച സാമ്പത്തിക വിജയം നേടിയ സിനിമ കൂടിയായിരുന്നു. എന്താണതിനെക്കുറിച്ച് പറയാനുള്ളത്?

ചലച്ചിത്രമേളകളിലെ വിധികർത്താക്കളോ മേളകൾ കാണാൻ പോകുന്ന ഒരു വിഭാഗം ആളുകളോ മാത്രം കാണാനുള്ളതാണ് എന്റെ സിനിമകൾ എന്ന് ഞാൻ കരുതുന്നില്ല. സാധാരണക്കാരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന സിനിമ ഏറ്റവും സാധാരണക്കാരായ മനുഷ്യർക്ക് കൂടി കാണാനും മനസിലാക്കാനും കഴിയുന്നതാകണം. എനിക്ക് പറയാനുള്ള കാര്യങ്ങൾ അവരിലേയ്ക്കും എത്തേണ്ടതുണ്ട്.

2013-ൽ താങ്കളുടെ ആദ്യ സിനിമ റിലീസ് ആയ കാലഘട്ടത്തിൽ നിന്നും രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പിന്നെയും മാറിയിട്ടുണ്ട്. ഉന സംഭവം പോലെ ദളിതർക്ക് നേരേ നിരവധി ആക്രമണങ്ങൾ ഉണ്ടായി. എന്താണ് പറയാനുള്ളത്?

ഇത് കഴിഞ്ഞ ആറ് വർഷത്തെ കഥയല്ല. കഴിഞ്ഞ അയ്യായിരം കൊല്ലമായി ഈ വ്യവസ്ഥിതി ദളിതരെ ഇത്തരത്തിൽ അടിച്ചമർത്തുന്നു. നിങ്ങൾ സ്വതവേ തണുപ്പുള്ള പ്രദേശത്ത് ജീവിക്കുന്ന ഒരാളാണെന്ന് കരുതുക. അവിടെ ശൈത്യകാലം വരുന്നു എന്നത് നിങ്ങൾക്ക് വലിയ ഒരു മാറ്റമായി തോന്നുകയില്ല. ശരിയാണ് തണുപ്പ് കൂടിയിട്ടുണ്ട്. പക്ഷേ മുൻപും തണുപ്പുണ്ടായിരുന്നു.

താങ്കളുടെ ആദ്യം ഹിന്ദി സിനിമ അമിതാഭ് ബച്ചൻ നായകനായ “ഝൂണ്ഡ്” റിലീസ് ആകാൻ പോകുകയാ‍ണല്ലോ? അത് രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണോ?

അത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഝൂണ്ഡ് ഫുട്ബോൾ പ്രമേയാ‍മാക്കിയ ഒരു സിനിമയാണ്. ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്. ഇനി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാനുണ്ട്.