ദേശീയ മറൈന്‍ ഫിഷറീസ് നിയന്ത്രണ പരിപാലന ബില്‍ ഉടന്‍;എല്ലാ യാനങ്ങള്‍ക്കും കേന്ദ്രരജിസ്‌ട്രേഷന്‍ നിര്‍ബന്ധം

single-img
6 December 2019

ദില്ലി: കടലില്‍ എല്ലാവിധ മത്സ്യബന്ധന യാനങ്ങള്‍ക്കും കേന്ദ്രരജിസ്‌ട്രേഷന്‍ കൂടി നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചന. ദേശീയ മറൈന്‍ ഫിഷറീസ് നിയന്ത്രണ പരിപാലന ബില്ലിന്റെ കരട് ഉടന്‍ തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കും. സംസ്ഥാനങ്ങളുടെ പരിധിയിലുള്ള തീരമേഖല അഥവാ 12 നോട്ടിക്കല്‍ മൈല്‍ ഉള്‍ക്കടലിലും സംസ്ഥാന രജിസ്‌ട്രേഷന് പുറമേ കേന്ദ്രലൈസന്‍സ് നിര്‍ബന്ധമാക്കാനാണ് കരട് നിര്‍ദേശം. പ്രത്യേക സെസ് പ്രകാരമുള്ള തുക മത്സ്യബന്ധനമേഖലയുടെ വികസനത്തിന് ഉപയോഗിക്കണമെന്നും ബില്‍ അനുശാസിക്കുന്നു.1958ലെ മര്‍ച്ചന്റ് ഷിപ്പിങ് ചട്ടം അനുസരിച്ച് രജിസ്‌ട്രേഷനുള്ളവര്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ് നല്‍കുക.

നിശ്ചിത നിലവാരം ഇല്ലാത്ത യാനങ്ങള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും ലൈസന്‍സ് ലഭിക്കില്ല,സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും.,ഈ കാലയളവില്‍ കടലില്‍ മത്സ്യബന്ധനത്തിന് മത്സ്യതൊഴിലാളികളെയും വിലക്കും,ഏത് യാനങ്ങളും ഏത് സമയവും പരിശോധിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കും. ഉദ്യോഗസ്ഥരെ തടയുന്നവര്‍ക്ക് ജയില്‍ ശിക്ഷയും കരട് അനുശാസിക്കുന്നു. പുതിയ ബില്‍ പാസായാല്‍ മത്സ്യബന്ധനമേഖലയിലുള്ളവര്‍ക്ക് അധിക ബാധ്യതയായിരിക്കും ഉണ്ടാവുകയെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. ഈ വ്യവസ്ഥകള്‍ ചെറിയ ബോട്ടുകള്‍ക്കും,വള്ളങ്ങള്‍ക്കും പാലിക്കാന്‍ സാധിക്കില്ലെന്നും വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും ഇവര്‍ ആരോപിച്ചു.