ഫാത്തിമ ലത്തീഫിന്റെ മരണം സിബിസിഐഡി അന്വേഷിക്കണമെന്ന് ഹൈക്കോടതി; കൂടുതല്‍ വെളിപ്പെടുത്തലുമായി ഫോറന്‍സിക് ഫലം

single-img
3 December 2019

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാക്കേസ് എന്തുകൊണ്ട് സിബിസിഐഡിക്ക് വിടുന്നില്ലെന്ന് സര്‍ക്കാരിനോട് ആരാഞ്ഞ് മദ്രാസ് ഹൈക്കോടതി. ലോക് താന്ത്രിക് ദള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. 2006മുതല്‍ ഇതുവരെ 16 പേര്‍ മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്തുവെന്നും ഇത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് സിഐഡികള്‍ക്ക് കൈമാറണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
എന്നാല്‍ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും നിലവില്‍ സിബിസിഐഡിയുടെ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു മദ്രാസ് സര്‍ക്കാരിന്റെ നിലപാട്.

അതേസമയം മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും പുറത്തുവന്നു. ഫാത്തിമ ലത്തീഫിന്റെ മൊബൈലിലെ ആത്മഹത്യാക്കുറിപ്പ് സത്യമാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫോറന്‍സിക് പരിശോധനയിലാണ് ഇത് സത്യമാണെന്ന് കണ്ടെത്തിയത്.

‘എന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പദ്മനാഭന്‍ ആണ്’, ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന വാചകം ഇതായിരുന്നു. എന്നാല്‍, ആത്മഹത്യാക്കുറിപ്പില്‍ അധ്യാപകന്റെ പേരുണ്ടായിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മദ്രാസ് ഐഐടിയുടേതെന്ന് പിതാവ് ലത്തീഫ് ആരോപിച്ചിരുന്നു.
ഫാത്തിമയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയ വിശദമായ ആത്മഹത്യാക്കുറിപ്പില്‍ അധ്യാപകരായ ഹേമചന്ദ്രന്‍, ബ്രഹ്മെ എന്നിവരുടെ പേരും പരാമര്‍ശിച്ചിരുന്നു. ഐഐടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്നു കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ്. കഴിഞ്ഞവര്‍ഷം സെന്റര്‍ സംഘടിപ്പിച്ച പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കോടു കൂടിയാണ് ഫാത്തിമ ലത്തീഫ് ഐഐടി മദ്രാസില്‍ പ്രവേശനം നേടിയത്.