അയ്യപ്പനെ കാണാന്‍ ഇനി പമ്പവരെ ബസില്‍ പോകണ്ട; റോയല്‍ എന്‍ഫീല്‍ഡ് റെഡി

single-img
2 December 2019

അയ്യപ്പ ഭക്തര്‍ക്ക് ഇനിമുതല്‍ ചെങ്ങന്നൂര്‍ മുതല്‍ പമ്പ വരെ പോകാന്‍ ബസിനായി കാത്തുനില്‍ക്കേണ്ട. യാത്രയ്ക്കായി ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയാണ് ആരംഭിച്ചത്. ദക്ഷിണ റെയില്‍വേയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. കൊച്ചിയിലെ കഫെ റൈഡ്സ് എന്ന സ്വകാര്യ ഏജന്‍സിയാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍. മണ്ഡല-മകരവിളക്ക് ഉത്സവം തീരുംവരെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

തീര്‍ത്ഥാടകര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയാല്‍ ബൈക്കുകള്‍ ലഭിക്കും. ഹെല്‍മറ്റും ഇതിനൊപ്പം തന്നെ ലഭിക്കും.24 മണിക്കൂറിന് 1200 രൂപയാണ് വാടക നല്‍കേണ്ടി വരിക. 200 കി.മീ സഞ്ചരിക്കാം. അധിക കിലോമീറ്ററിന് ആറുരൂപ വീതം ഈടാക്കുന്നതാണ്. ടാങ്ക് നിറയെ പെട്രോള്‍ അടിച്ച ശേഷമാണ് ബൈക്ക് കൈമാറുക. യാത്ര അവസാനിച്ച് തിരിച്ചെത്തിയാല്‍ ഫുള്‍ ടാങ്ക് പെട്രോള്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ആറ് ബൈക്കുകളാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. എന്നാല്‍ പദ്ധതി വിജയിച്ചാല്‍ ബൈക്കുകള്‍ എത്തിക്കാനും ആലോചനയുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് 500സിസി ബുള്ളറ്റുകളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ പമ്പയിലേക്കുള്ള യാത്ര വളരെ ആസ്വദിക്കുകയുമാവാം.