ശബരിമലയോടൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം കൂട്ടിച്ചേര്‍ത്തത് ശരിയായ നടപടിയല്ല; കാന്തപുരം

single-img
27 November 2019

ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശന കേസിനൊപ്പം സുപ്രീം കോടതി മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം കൂട്ടിച്ചേര്‍ത്തത് ശരിയായ നടപടിയല്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ഇതിനെതിരായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായത്തിൽ സ്ത്രീകളില്‍ പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടേതായ പള്ളികളുണ്ടെന്നും മഹാഭൂരിപക്ഷം സ്ത്രീകളും പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കാത്തവരാണെന്നും കാന്തപുരം പറയുന്നു.

പള്ളിയില്‍ ചെല്ലാതെ വീട്ടില്‍ വെച്ചുതന്നെ ആരാധന നടത്തണാമെന്ന് സുന്നികള്‍ ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്നും കാന്തപുരം പറഞ്ഞു. സമാനമായി മുസ്‌ലിം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിക്കെതിരെ ഇകെ സുന്നി വിഭാഗവും രംഗത്തെത്തിയിരുന്നു.

സുപ്രീം കോടതി പറഞ്ഞതുപോലെ പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കുന്നില്ലെന്നും വിശ്വാസ സ്വാതന്ത്ര്യത്തില്‍ കോടതി ഇടപ്പെടുന്നതിനെ അംഗീകരിക്കുന്നില്ലെന്നും സമസ്ത ജനറല്‍ സെക്രട്ടറി ആലികുട്ടി മുസ്ലിയാര്‍ പറഞ്ഞിരുന്നു.

ശബരിമല വിഷയത്തിൽ യുവതീ പ്രവേശനത്തില്‍ വിധി പറയുന്നത് സുപ്രീം കോടതി വിശാല ബെഞ്ചിനു വിട്ടതോടൊപ്പം മുസ്‌ലിം പള്ളികളിലേക്കും പാഴ്സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഹർജികളും വിശാല ബെഞ്ചിന് വിട്ടിരുന്നു.