ശബരിമല ക്ഷേത്രഭരണത്തിനായി പ്രത്യേക നിയമനിർമാണം വേണമെന്ന് സുപ്രീം കോടതി

single-img
20 November 2019

ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മാണം വേണമെന്ന് സുപ്രീംകോടതി. ഒരു ദേവസ്വം കമ്മീഷണർ എങ്ങനെ ഇത്രയും ക്ഷേത്രങ്ങൾ ഒന്നിച്ച് കൈകാര്യം ചെയ്യും എന്നും കോടതി ചോദിച്ചു.

50 ലക്ഷം തീര്‍ഥാടകര്‍ വരുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം ചെയ്യരുതെന്നും കോടതി നിരീക്ഷിച്ചു.
പന്തളം കൊട്ടാരം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ വി രാമണ്ണയുടെ നിർദേശം ഉണ്ടായിരിക്കുന്നത്.

അതേസമയം, ക്ഷേത്രങ്ങളുടെ ഭരണ നിർവഹണത്തിന് ബിൽ തയ്യാർ ആണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സമഗ്രമായ ബിൽ ആണ് തയ്യാറാക്കിയത്. എന്നാലും മന്ത്രിസഭ ഒന്നുകൂടി ബിൽ പരിശോധിക്കേണ്ടതുണ്ട്. 2 മാസം സമയം അനുവദിച്ചാൽ ബിൽ നിയമം ആക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ബിൽ പ്രകാരം ക്ഷേത്ര ഉപദേശക സമിതിയിൽ മൂന്നിൽ ഒന്ന് സ്ത്രീ സംവരണം നടപ്പിലാക്കാൻ സർക്കാരിന് പദ്ധതിയുണ്ട്. എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഏഴംഗ ബെഞ്ചിന്റെ വിധി എതിരാണെങ്കിൽ ഈ സംവരണം നടപ്പിലാക്കാൻ എന്തുചെയ്യുമെന്ന് കോടതി ചോദിച്ചു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവർക്കും ശബരിമലയിൽ കയറാമല്ലോ എന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു.