വയറിന് ചുറ്റുമുള്ള അസാധാരണ വലിപ്പം; പരിശോധിച്ചപ്പോള്‍ ഒട്ടിച്ചുവെച്ച നിലയില്‍ മയക്കുമരുന്ന്; ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരന് പിടിയില്‍

15 November 2019

ശരീരത്തിൽ ചേര്‍ത്ത് ഒട്ടിച്ചുവെച്ച നിലയില്‍ 3.5 കിലോ മയക്കുമരുന്നുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഷ്യക്കാരന് പിടിയിലായി. വ്യാഴാഴ്ചയായിരുന്നു സംഭവം. യാത്രയ്ക്കായി എത്തി 31 കാരനായ യാത്രക്കാരന്റെ ശരീരത്തില്‍ വയറിന് ചുറ്റും അപ്രതീക്ഷിത വലിപ്പം കണ്ടതോടെയാണ് ഇയാളെ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്.
വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗേറ്റുകള്‍ കടന്നുപോകാന്‍ ശ്രമിച്ച ഇയാളെ ബോഡി ഇന്സ്പെക്ഷന് റൂമില്‍ കൊണ്ടുപോയി നടത്തിയ പ്രത്യേക പരിശോധനയിലാണ്പായ്ക്കറ്റുകളിലാക്കി നിറച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.
മയക്കുമരുന്ന് നിറച്ച എട്ട് പാക്കറ്റുകളാണ് ഇയാള്‍ ഇത്തരത്തിൽ കടത്താന്‍ ശ്രമിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തശേഷം നടത്തിയ വിശദ പരിശോധനയില്‍ യുഎഇയില്‍ നിരോധിച്ചിട്ടുള്ള കെറ്റമിന്‍ എന്ന മയക്കുമരുന്നാണ് ഇയാള്‍ കൊണ്ടുവന്നിരുന്നതെന്ന് കണ്ടെത്തി.